യോഗിയെ മുഖ്യമന്ത്രിയാക്കാന്‍ നേരത്തെ തീരുമാനിച്ചു

ന്യൂഡല്‍ഹി > യുപിയില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേരത്തെതന്നെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദിത്യനാഥിന്റെ തീവ്ര വര്‍ഗീയനിലപാടും മതധ്രുവീകരണത്തിനുള്ള പാടവവുമാണ് അമിത് ഷായെ ആകര്‍ഷിച്ചത്. 2013ല്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിതനായതുമുതല്‍ ആദിത്യനാഥുമായി നല്ല ബന്ധമാണ് അമിത് ഷായ്ക്കുള്ളത്. ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചതിനെതുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പല പേരും ഉയര്‍ന്നെങ്കിലും ആദിത്യനാഥിന്റെ കാര്യത്തില്‍ അമിത് ഷാ ഉറച്ചുനിന്നു. ഇക്കാര്യത്തില്‍ മോഡിയുടെ വിശ്വാസം നേടുന്നതിലും അമിത് ഷാ വിജയിച്ചു.
ഗോരഖ്പുര്‍ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി വിജയിച്ചുവന്ന യോഗി ആദിത്യനാഥ് പല ഘട്ടങ്ങളിലും സംഘപരിവാറുമായി ഇടഞ്ഞിരുന്നു. സംഘപരിവാര്‍ സംഘടനകളില്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കളുമായിട്ടായിരുന്നു യോഗിക്ക് സൌഹൃദം. വിഎച്ച്പി നേതാവ് അശോക് സിംഗാളാണ് സംഘപരിവാറുമായി ഇടഞ്ഞ ഘട്ടങ്ങളിലെല്ലാം യോഗിയെ ബിജെപിയില്‍ ഉറപ്പിച്ചുനിര്‍ത്തിയത്. ഹിന്ദു യുവവാഹിനിയെന്ന തീവ്രസംഘടനയ്ക്ക് ആദിത്യനാഥ് രൂപംനല്‍കിയതുതന്നെ സംഘപരിവാര്‍ പല ഘട്ടങ്ങളിലും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമര്‍ശത്തെതുടര്‍ന്ന്.
2013ല്‍ അമിത് ഷാ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എത്തിയതുമുതല്‍ ആദിത്യനാഥുമായി സൌഹൃദത്തിലായി. വര്‍ഗീയധ്രുവീകരണമാണ് യുപിയില്‍ ബിജെപിക്ക് ആവശ്യമെന്ന് തിരിച്ചറിഞ്ഞ അമിത് ഷാ അതിന് പറ്റിയ നേതാവ് ആദിത്യനാഥാണെന്ന് അതിവേഗം തിരിച്ചറിഞ്ഞു. 2013ലെ മുസഫര്‍നഗര്‍ കലാപമെല്ലാം തുടര്‍ന്നുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ്. ലോക്സഭയില്‍ ഉജ്വലവിജയം കൈവരിക്കാന്‍ മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം ബിജെപിക്ക് സഹായകമായി.
ബിജെപിയുടെ 11 എംഎല്‍എമാര്‍ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്ന് 2014ല്‍ ഒട്ടനവധി നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഈ തെരഞ്ഞെടുപ്പുകളുടെ മുഖ്യചുമതലക്കാരനായി ആദിത്യനാഥിനെ അമിത് ഷാ നിയോഗിച്ചു. എന്നാല്‍, ഈ പരീക്ഷണം പാളി. 11 സിറ്റിങ് സീറ്റില്‍ എട്ടിടത്ത് ബിജെപി തോറ്റു. ഈ സീറ്റുകളിലെല്ലാം എസ്പി ജയിച്ചു. ഇത് ആദിത്യനാഥിന് ക്ഷീണമായെങ്കിലും ഷാ കൈവിട്ടില്ല. ഭരണകക്ഷിക്കൊപ്പം നിലയുറപ്പിക്കുകയെന്ന പ്രവണതയാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് അമിത് ഷാ നിലപാടെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരകരുടെ പട്ടികയില്‍ ആദിത്യനാഥുണ്ടായിരുന്നില്ല. ഇത് ഗോരഖ്പുര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിമതനീക്കത്തിന് വഴിയൊരുക്കി. അപകടം തിരിച്ചറിഞ്ഞ അമിത് ഷാ വൈകാതെതന്നെ ആദിത്യനാഥിനെ മുഖ്യപ്രചാരകരില്‍ ഒരാളാക്കി. പോസ്റ്ററുകളിലും മോഡിക്കും അമിത് ഷായ്ക്കുമൊപ്പം യോഗിയുടെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി ലക്ഷ്യമിടുന്നത് വര്‍ഗീയധ്രുവീകരണം തീവ്രമാക്കാനാണ്. 2019ല്‍ പ്രതിപക്ഷപാര്‍ടികളുടെ ഒരു കൂട്ടായ്മ രൂപപ്പെടുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്. ഇതിനെ മറികടക്കാന്‍ വര്‍ഗീയ അജന്‍ഡ തീവ്രമാക്കാതെ മറ്റു മാര്‍ഗമില്ല. മുഖ്യമന്ത്രി എന്നനിലയില്‍ ഈ ചുമതലയാകും ആദിത്യനാഥ് നിറവേറ്റുക.











0 comments