ad
Deshabhimani

ചോദ്യകര്‍ത്താക്കളില്ല; മറുപടിക്ക് മന്ത്രിമാരുമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 20, 2017, 07:42 PM | 0 min read


ന്യൂഡല്‍ഹി > രാജ്യസഭയുടെ ചോദ്യോത്തരവേളയില്‍ ചോദ്യം ഉന്നയിക്കാന്‍ ചോദ്യകര്‍ത്താക്കളും മറുപടി നല്‍കാന്‍ മന്ത്രിമാരും ഇല്ലാത്തതില്‍ രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അതൃപ്തി പ്രകടിപ്പിച്ചു. തിങ്കളാഴ്ച ചോദ്യോത്തരവേളയുടെ അന്തിമഘട്ടത്തിലാണ് സഭയില്‍ മന്ത്രിമാരോ ചോദ്യകര്‍ത്താക്കളോ ഇല്ലാത്ത സാഹചര്യമുണ്ടായത്.

നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങളാണ് ചോദ്യോത്തരവേളയില്‍ ഉന്നയിക്കുക. 15 ചോദ്യങ്ങള്‍ പട്ടികയില്‍ ഉണ്ടാവും. ഒരു മണിക്കൂര്‍ നീളുന്ന ചോദ്യോത്തരവേളയില്‍ ആറോ ഏഴോ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് സാധാരണ അവസരം ലഭിക്കുക. പ്രധാന ചോദ്യത്തിനു പുറമെ രണ്ട് ഉപചോദ്യങ്ങള്‍കൂടി ഉന്നയിക്കാം.
തിങ്കളാഴ്ച ആദ്യത്തെ അഞ്ച് ചോദ്യം കഴിഞ്ഞപ്പോഴാണ് ഉന്നയിക്കാന്‍ ചോദ്യകര്‍ത്താക്കളും മറുപടി നല്‍കാന്‍ മന്ത്രിമാരുമില്ലാത്ത സാഹചര്യമുണ്ടായത്.

പരിസ്ഥിതി നികുതി ചുമത്തുന്നത് സംബന്ധിച്ച് ഒമ്പതാമത്തെ ചോദ്യം പഞ്ചാബില്‍നിന്നുള്ള നരേഷ് ഗുജ്റാളായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത്. എന്നാല്‍, ഗുജ്റാള്‍ സഭയിലുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് മറുപടി നല്‍കാന്‍ ഒരൊറ്റ ക്യാബിനറ്റ് മന്ത്രിപോലും സഭയില്‍ ഇല്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. താനും അത് ശ്രദ്ധിച്ചെന്നും ഇതൊരു അസാധാരണ സാഹചര്യമാണെന്നും ഹമീദ് അന്‍സാരി പറഞ്ഞു.  മാക്സിമം മന്ത്രിമാരും മിനിമം ഭരണവുമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. സര്‍ക്കാരിനെ ശാസിക്കണമെന്ന് സുകേന്ദു ശേഖര്‍ റോയ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home