Top
23
Thursday, November 2017
About UsE-Paper

മോഡിയെ വിമര്‍ശിച്ച കാര്‍ട്ടൂണിസ്റ്റിന് വധഭീഷണി

Sunday Aug 20, 2017
വെബ് ഡെസ്‌ക്‌

ഗുവാഹതി > ഗോരഖ്പുരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കലാകാരന് വധഭീഷണി. അസം സ്വദേശിയായ നിതുപര്‍ണ രാജ്ബോംഗ്ഷിക്കാണ് വധഭീഷണി. വധഭീഷണി ഉയര്‍ന്ന കാര്യം സമൂഹ്യമാധ്യമങ്ങളിലൂടെയാണ് നിതുപര്‍ണ വ്യക്തമാക്കിയത്. ഫേയ്സ്ബുക്ക് സുഹൃത്തായ അനിന്ത്യ പ്രണയ് ഭാരതി എന്നയാളാണ് വധഭീഷണി മുഴക്കിയത്. തുടര്‍ന്ന് നിതുപര്‍ണ ബാര്‍പെറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കൂടാതെ അസം പൊലീസ് തലവനും സൈബര്‍ ക്രൈം ബ്രാഞ്ചിനും പരാതി മെയില്‍ ചെയ്തു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെടുത്തിയാണ് നിതുപര്‍ണ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. കോര്‍പറേറ്റുകള്‍ നല്‍കുന്ന ഓക്സിജന്‍ മോഡിയും പശുവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്വസിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരുന്നത്.

സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ചായിരുന്നു നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍. ദേശീയ പതാകയ്ക്ക് പകരം കൊടിമരത്തില്‍ ശിശുവിന്റെയും മറ്റൊരാളുടെ മൃതദേഹവും തൂക്കിയിട്ടിരിക്കുന്നത് കാണാം. കരയുന്ന സ്ത്രീയുടെ സാരി അഴിച്ച് മോദി തലപ്പാവ് കെട്ടിയിരിക്കുന്നതും കാണാം. കോര്‍പറേറ്റ് എന്നെഴുതിയ സിലിണ്ടറില്‍നിന്ന് മാസ്ക് വഴി ശ്വസിക്കുന്ന മോഡിയുമാണ് ചിത്രത്തില്‍. ഗോരഖ്പൂര്‍ സംഭവവും സ്ത്രീകളുടെയും കര്‍ഷകരുടെയും ദുരിതവും കോര്‍പറേറ്റ് ഫണ്ടിങും എല്ലാം യോജിപ്പിച്ചുള്ളതായിരുന്നു എന്റെ കാര്‍ട്ടൂണ്‍. അതിനോട് രാഷ്ട്രീയമായി യോജിക്കുകയോ വിയോജിക്കുകയോ ആകാം. എന്നാല്‍, അതിന്റെ പേരില്‍ കൊന്നുകളയുമെന്നെല്ലാം പറയുന്നതിനോട് യോജിക്കാനാവില്ല- നിതുപര്‍ണ പറഞ്ഞു. 

സമൂഹ്യ മാധ്യമങ്ങളിലൂടെയും തന്റെ വെബ്സൈറ്റിലുമായിരുന്നു നിതുപര്‍ണ കാര്‍ട്ടൂണ്‍ പോസ്റ്റുചെയ്തത്. നിരവധിപേരാണ് ഇത് ഷെയര്‍ ചെയ്തത്.

Related News

കൂടുതൽ വാർത്തകൾ »