20 October Saturday

കരാർത്തൊഴിൽ അടിച്ചേൽപ്പിക്കാൻ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday Jan 20, 2018



ന്യൂഡൽഹി > ട്രേഡ് യൂണിയനുകളുടെ ഒറ്റക്കെട്ടായ പ്രതിഷേധം അവഗണിച്ച് സ്ഥിരംസ്വഭാവമുള്ള തൊഴിൽമേഖലകളിലും കരാർത്തൊഴിൽ സംവിധാനം ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. സർവമേഖലയിലും കരാർത്തൊഴിൽ വ്യാപിപ്പിക്കാനായി തൊഴിൽനിയമങ്ങളും ചട്ടവും ഭേദഗതിചെയ്യാനാണ് നീക്കം. ഇക്കാര്യം ചർച്ചചെയ്യാൻ തൊഴിൽ മന്ത്രാലയം വിളിച്ച യോഗത്തിൽ ട്രേഡ് യൂണിയനുകൾ ഒന്നടങ്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം തുടർന്നപ്പോൾ ഈ മാസം 22ന് അന്തിമപ്രതികരണം അറിയിക്കാമെന്ന് തൊഴിൽമന്ത്രി സന്തോഷ്‌കുമാർ ഗാങ്‌വർ അറിയിച്ചു.

എല്ലാ മേഖലയിലും ആവശ്യമായ മനുഷ്യവിഭവശേഷി എത്തിക്കാൻ കരാർത്തൊഴിൽ സാർവത്രികമാക്കണമെന്ന നിലപാടിലാണ് മോഡിസർക്കാർ. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ തൊഴിൽരഹിതരുടെ എണ്ണം രാജ്യത്ത് കോടിക്കണക്കായി പെരുകുമ്പോഴാണ് സർക്കാരിന്റെ വിചിത്ര നിലപാട്. 1970ലെ കരാർത്തൊഴിൽ നിയമത്തിലും 1946ലെ വ്യവസായതൊഴിൽ (സ്റ്റാൻഡിങ് ഓർഡർ) ചട്ടത്തിലും ഭേദഗതി വരുത്താനാണ് സർക്കാർ തീരുമാനം.

ഭേദഗതി നിർദേശപ്രകാരം ഒരു സ്ഥാപനത്തിലെ സ്ഥിരംസ്വഭാവമുള്ള തൊഴിലുകളെ 'കോർ' (മുഖ്യം) എന്നും 'നോൺകോർ' (മുഖ്യമല്ലാത്തവ) എന്നും വേർതിരിക്കാം. 'മുഖ്യമല്ലാത്ത' എല്ലാ മേഖലയിലും കരാർനിയമനം നടപ്പാക്കാം. യന്ത്രങ്ങളുമായി ബന്ധമില്ലാത്ത ഓഫീസ് ജോലികളും 'മുഖ്യമല്ലാത്തവ'യായി പരിഗണിക്കാം. മാത്രമല്ല, മുഖ്യസ്വഭാവമുള്ള ജോലികളിൽത്തന്നെ 'നിശ്ചിതകാല തൊഴിൽ' സംവിധാനം കൊണ്ടുവരാം. സ്ഥിരംസ്വഭാവമുള്ള തൊഴിലുകൾ പൂർണമായി ഇല്ലാതാക്കുന്നതാണ് ഈ പരിഷ്‌കാരം. സ്ഥാപനങ്ങൾക്ക് കരാർത്തൊഴിലാളികളെ നൽകുന്ന ഏജൻസികൾക്ക് ദേശീയതലത്തിൽ ലൈസൻസ് നൽകാനും കരട് വിജ്ഞാപനത്തിൽ നിർദേശമുണ്ട്.

കൊള്ളലാഭം കൊയ്യാനുള്ള  കോർപറേറ്റുകളുടെ താൽപ്പര്യം  സംരക്ഷിക്കാനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് സിഐടിയു പ്രതിനിധി മീനാക്ഷി സുന്ദരം പ്രതികരിച്ചു. ബിഎംഎസ് അടക്കമുള്ള സംഘടനകളുടെ പ്രതിനിധികളും പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർമേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉൾപ്പെടെ സ്ഥിരംതൊഴിൽ അവസാനിപ്പിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായപ്പോൾ മന്ത്രി യോഗം അവസാനിപ്പിച്ചു. അന്തിമപ്രതികരണം 22ന് അറിയിക്കാമെന്നു പറഞ്ഞെങ്കിലും ഭേദഗതിനീക്കം പിൻവലിക്കുമെന്ന സൂചനയൊന്നും മന്ത്രി നൽകിയില്ല. കേന്ദ്രം പുറത്തിറക്കിയ കരട് ഭേദഗതി നിർദേശങ്ങളിൽ ശക്തമായ വിയോജിപ്പ് ട്രേഡ് യൂണിയനുകൾ നേരത്തെ അറിയിച്ചിരുന്നു. അഭിപ്രായസമന്വയം ഉണ്ടാക്കാനെന്ന പേരിലാണ് വെള്ളിയാഴ്ച ചർച്ച നടത്തിയത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top