17 December Monday

മധ്യപ്രദേശ‌്: ‘യൂറിയ’യിൽ താമര വാടുന്നു

സ്വന്തം ലേഖകൻUpdated: Sunday Nov 18, 2018

ന്യൂഡൽഹി
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ‌് ആസന്നമായിരിക്കേ യൂറിയ വളത്തിന്റെ ക്ഷാമം മുഖ്യ ചർച്ചാവിഷയം. ഗോതമ്പ‌് കൃഷിയിറക്കുന്ന സീസണായിട്ടും പലഭാഗത്തും യൂറിയയ‌്ക്ക‌് കടുത്തക്ഷാമമാണ‌്. ഹാർദസ‌്, ദേവസ‌്, ഉജ്ജയിൻ ജില്ലകളിൽ വളം വിതരണ കേന്ദ്രങ്ങൾക്ക‌് മുന്നിൽ മണിക്കൂറുകൾ നിന്നിട്ടും കർഷകർ യൂറിയ കിട്ടാതെ മടങ്ങുകയാണ‌്. നവംബർ ആദ്യവാരം മിക്ക കർഷകരും ഗോതമ്പ‌് കൃഷിയിറക്കിയതാണ‌്. 10-15 ദിവസം തുടർച്ചയായി വളമിടണം. ശേഷം ഒന്നാംവട്ടം നനയ‌്ക്കണം. ആവശ്യത്തിന‌് യൂറിയ ഇട്ടില്ലെങ്കിൽ, ഞാറുകൾക്ക‌് പോഷണം ലഭിക്കില്ല. പിന്നീട‌് എത്ര നനച്ചിട്ടും കാര്യമില്ല- കർഷകർ പറയുന്നു.
മണിക്കൂറുകൾ വരി നിന്ന കർഷകർക്ക‌് ആവശ്യമുള്ളതിന്റെ പകുതിപോലും യൂറിയ ലഭിക്കുന്നില്ല. ഏകദേശം 40 സെന്റ‌ിലേക്ക‌് 50 കിലോ യൂറിയ ആവശ്യമുണ്ട‌്. ഒരു ചാക്കിൽ 50 കിലോ അളവിലാണ‌് വിതരണം ചെയ്യാറുള്ളത‌്. ക്ഷാമം രൂക്ഷമായതിനെ തുടർന്ന‌്, 45 കിലോയായി വെട്ടിക്കുറച്ചു. ഒരു ചാക്കിന‌് 266 രൂപയാണ‌് സർക്കാർ നിശ‌്ചയിച്ച  വില. യൂറിയക്ഷാമം മുതലെടുക്കാൻ ചിലർ ചാക്കുകൾ കുറഞ്ഞ തുകയ‌്ക്ക‌് വാങ്ങിക്കൂട്ടി, വലിയ തുകയ്ക്ക‌് മറിച്ചുവിൽക്കുന്നതായും ആക്ഷേപമുണ്ട‌്. പുറത്തുനിന്ന‌് യൂറിയ വാങ്ങിയാൽ ഒരുചാക്കിന‌് 500 രൂപയ‌്ക്ക‌് മുകളിൽ വില നൽകേണ്ടി വരും. പത്തും ഇരുപതും മുപ്പതും ഏക്കർ കൃഷിയിറക്കിയിട്ടുള്ള കർഷകർ കടുത്ത ആശങ്കയിലാണ‌്.
വളം വിതരണം കാര്യക്ഷമമാക്കാനോ വില നിയന്ത്രിക്കാനോ ബിജെപി സർക്കാർ ഇടപെടാത്തതിൽ കർഷകർക്ക‌് കടുത്ത രോഷമുണ്ട‌്. യൂറിയാക്ഷാമം തെരഞ്ഞെടുപ്പിനെ തീർച്ചയായും ബാധിക്കുമെന്ന‌് അവർ പറയുന്നു. ‘ആര‌് ഞങ്ങൾക്ക‌് ആവശ്യമായ വളം തരുമോ, അവർക്കായിരിക്കും വോട്ട‌്’–-കർഷകർ നിലപാട‌് വ്യക്തമാക്കി. ഡിസംബറിലോ ജനുവരിയിലോ വളം കിട്ടിയിട്ട‌് കാര്യമില്ല. ആവശ്യത്തിന‌് വളമില്ലാതെ വിള നശിച്ചാൽ, സർക്കാരിനായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും കർഷകർ പറയുന്നു.
ഈ മാസം 27ന‌് കർഷകർ പോളിങ്ബൂത്തിലേക്ക‌് നീങ്ങുമ്പോൾ, യൂറിയക്ഷാമം അവരുടെ മനസ്സിലുണ്ടാകുമെന്ന‌് തീർച്ച. ഈ സാഹചര്യത്തിൽ, മധ്യപ്രദേശിലേക്ക‌് അടിയന്തരമായി യൂറിയ വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന‌് കേന്ദ്രസർക്കാരിന്റെ രാസവളം വകുപ്പ‌് വിവിധ രാസവള കമ്പനികളോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. യൂറിയാക്ഷാമം നേരിടാൻ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സാധിക്കുമെന്ന‌് അധികൃതർക്ക‌ുപോലും പ്രതീക്ഷയില്ല.


പ്രധാന വാർത്തകൾ
Top