21 November Wednesday

ഇരകൾക്കും കുടുംബാംഗങ്ങൾക്കും നീതി ഉറപ്പാക്കണം: സുപ്രീം കോടതി

സ്വന്തം ലേഖകൻUpdated: Wednesday Jul 18, 2018

ന്യൂഡൽഹി > ആൾക്കൂട്ട ആക്രമണത്തിന് ഇരകളായവർക്കും അവരുടെ ബന്ധുക്കൾക്കും നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. സിആർപിസി 357എ പ്രകാരം ഒരുമാസത്തിനുള്ളിൽ സമഗ്രമായ നഷ്ടപരിഹാരപദ്ധതി രൂപീകരിക്കണമെന്നാണ് കോടതി നിർദേശം. ആക്രമണമുണ്ടായി 30 ദിവസത്തിനുള്ളിൽ ഇരകൾക്കോ ബന്ധുക്കൾക്കോ ഇടക്കാല നഷ്ടപരിഹാരം കൈമാറണം. ഗുരുതരമായി പരിക്കേറ്റവർക്ക് ശാരീരിക, മാനസിക ആഘാതങ്ങൾകൂടി കണക്കിലെടുത്തുള്ള നഷ്ടപരിഹാരമാണ് അനുവദിക്കേണ്ടത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ഉപജീവനമാർഗം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ കാര്യങ്ങൾകൂടി പരിഗണിച്ചാകണം നഷ്ടപരിഹാരം തീരുമാനിക്കേണ്ടത്.

ആൾക്കൂട്ട അതിക്രമകേസുകളിൽ ജില്ലകൾതോറുമുള്ള അതിവേഗ വിചാരണക്കോടതികൾ ദിവസംതോറും വാദംകേട്ട് ആറുമാസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കണം. നിലവിലുള്ള കേസുകളുടെ കാര്യത്തിലും ഈ സമയക്രമം പാലിക്കണം. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ കുറ്റങ്ങൾ ചുമത്തണം. കേസിലെ സാക്ഷികളെയും ഇരകൾക്കുവേണ്ടി ഹാജരായ അഭിഭാഷകരെയും സംരക്ഷിക്കാൻ നടപടിയെടുക്കണം.

പ്രതികളുടെ ഇടക്കാല ജാമ്യം, പരോൾ, വിടുതൽ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഇരകളുടെ അഭിഭാഷകരുടെ നിലപാട് നിർബന്ധമായും തേടണം. ഇരകൾക്കോ അവരുടെ ബന്ധുക്കൾക്കോ ആവശ്യമുണ്ടെങ്കിൽ നിയമസഹായപാനലിൽനിന്ന‌് അവർക്ക് ഇഷ്ടമുള്ള അഭിഭാഷകരെ തെരഞ്ഞെടുക്കാൻ അനുവദിക്കണം. ഇരകളുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അവഹേളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്. ഇത്തരം കേസുകളിൽ അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നാല് ആഴ്ചയ‌്ക്കുള്ളിൽ കർശനമായ അച്ചടക്കനടപടി സ്വീകരിക്കണം തുടങ്ങിയ മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top