12 December Wednesday

സിവിസി റിപ്പോർട്ട‌് അലോക‌് വർമയ‌്ക്ക‌് നൽകണമെന്ന്‌ സുപ്രീംകോടതി നിർദേശം

സ്വന്തം ലേഖകൻUpdated: Saturday Nov 17, 2018

ന്യൂഡൽഹി > സിബിഐ ഡയറക്ടർ അലോക‌് വർമയ‌്ക്ക‌് എതിരെ ഉയർന്ന ആരോപണങ്ങളിൽ കേന്ദ്രവിജിലൻസ‌് കമീഷൻ (സിവിസി) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ‌് അലോക‌് വർമയ‌്ക്ക‌് കൈമാറാൻ സുപ്രീംകോടതി നിർദേശം. അലോകിനെതിരെ  സിബിഐ സ‌്പെഷ്യൽ ഡയറക്ടർ രാകേഷ‌് അസ‌്താന ഉന്നയിച്ച ആരോപണങ്ങളിൽ ചിലത‌് തള്ളിക്കളയാവുന്നതാണെന്നും ചിലതിൽ തുടരന്വേഷണം വേണമെന്നുമാണ‌് റിപ്പോർട്ടെന്ന‌് ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് നിരീക്ഷിച്ചു. സിവിസി അന്വേഷണത്തിന‌് മേൽനോട്ടം വഹിച്ച സുപ്രീംകോടതി മുൻ ജഡ‌്ജി എ കെ പട‌്നായിക്കും അന്വേഷണത്തെക്കുറിച്ചുള്ള വിലയിരുത്തൽ റിപ്പോർട്ട‌് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട‌്.

റിപ്പോർട്ടും അനുബന്ധരേഖകളും മുദ്രവച്ച കവറിൽ അലോക‌് വർമയ‌്ക്കും കേന്ദ്രസർക്കാരിനും സിവിസിക്ക‌ുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ‌്ത്തയ‌്ക്കും കൈമാറാൻ കോടതി നിർദേശിച്ചു. തിങ്കളാഴ‌്ച പകൽ ഒന്നിനകം റിപ്പോർട്ടിനെക്കുറിച്ചുള്ള പ്രതികരണം അലോക‌് വർമ കോടതിയെ അറിയിക്കണമെന്ന‌് ജസ്റ്റിസുമാരായ കെ എം ജോസഫ‌്, എസ‌് കെ കൗൾ എന്നിവർ അംഗങ്ങളായ ബെഞ്ച‌് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.

അതേസമയം, റിപ്പോർട്ടിന്റെ പകർപ്പ‌് വേണമെന്ന സിബിഐ സ‌്പെഷ്യൽ ഡയറക്ടർ രാകേഷ‌് അസ‌്താനയുടെ ആവശ്യം കോടതി തള്ളി. റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച‌് ഈ അവസരത്തിൽ നിരീക്ഷണങ്ങൾ ഒന്നും നടത്തുന്നില്ലെന്ന‌ും ഇപ്പോൾ സർക്കാരിന്റെ വിശദീകരണം തേടുന്നില്ലെന്നും ചീഫ‌്ജസ്റ്റിസ‌് കൂട്ടിച്ചേർത്തു.

അതീവ രഹസ്യസ്വഭാവമുള്ള സിവിസി റിപ്പോർട്ടിന്റെ പകർപ്പ‌ുകൾ അലോക‌് വർമയ‌്ക്കും അറ്റോർണി ജനറലിനും സോളിസിറ്റർ ജനറലിനും കൈമാറുന്നത‌് കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്താണ‌്. സിബിഐയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത സംരക്ഷിക്കാൻ റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കണം. ഇതിന‌് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ബാധ്യതയുണ്ടെന്നും കോടതി ഉത്തരവിൽ പറഞ്ഞു. റിപ്പോർട്ട‌് പഠിച്ചശേഷം ഉടൻ പ്രതികരണം അറിയിക്കുമെന്ന‌് അലോക‌്‌ വർമയ‌്ക്ക‌ുവേണ്ടി മുതിർന്ന അഭിഭാഷകൻ ഫാലി എസ‌് നരിമാൻ അറിയിച്ചു.

എം നാഗേശ്വരറാവു സിബിഐയുടെ താൽക്കാലിക ഡയറക്ടറായശേഷം സ്വീകരിച്ച വിവാദനടപടികൾ പരിശോധിക്കണമെന്ന സർക്കാരേതര സംഘടനയായ കോമൺകോസിന്റെ ആവശൃം 20ന‌് പരിഗണിക്കുമെന്ന‌് കോടതി പറഞ്ഞു. അസ‌്താനയ‌്ക്ക‌് എതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ നാഗേശ്വരറാവു കാരണമില്ലാതെ സ്ഥലംമാറ്റിയെന്നാണ‌് ആക്ഷേപം. എന്നാൽ, നാഗേശ്വരറാവു കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപണം നിഷേധിച്ചു. കൂടുതൽ തെളിവുകൾ കൈവശമുള്ളവർക്ക‌് കൈമാറാമെന്ന‌് കോടതി പറഞ്ഞു.

തന്നെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും നാഗേശ്വരറാവുവിനെ താൽക്കാലിക ഡയറക്ടറായി നിയമിക്കുകയും ചെയ‌്ത സർക്കാർ, സിവിസി  ഉത്തരവുകൾക്ക‌് എതിരെയാണ‌് അലോക‌്‌ വർമ കോടതിയെ സമീപിച്ചത‌്.

സിബിഐ ഉദ്യോഗസ്ഥർക്ക‌് എതിരെ ഉയർന്ന ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്നാണ‌് കോമൺകോസിന്റെ ഹർജിയിലെ ആവശ്യം. സിബിഐ ഡയറക്ടറെ അവധിയിൽ പ്രവേശിപ്പിച്ച നടപടി ചട്ടവിരുദ്ധമാണൈന്ന‌് ചൂണ്ടിക്കാട്ടി  കോൺഗ്രസിന്റെ ലോക‌്സഭാകക്ഷി നേതാവ‌് മല്ലികാർജുൻ ഖാർഗെയും കോടതിയെ സമീപിച്ചിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top