Top
26
Wednesday, July 2017
About UsE-Paper

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം,  കശ്മീര്‍ പ്രശ്നം, കര്‍ഷക ആത്മഹത്യ, ന്യൂനപക്ഷ- ദളിത് ജനവിഭാഗങ്ങള്‍ക്ക് നേരായ സംഘപരിവാര്‍ സംഘടനകളുടെ അതിക്രമങ്ങള്‍, ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ ശ്രമിക്കും. ആഗസ്ത് 11 വരെ തുടരുന്ന സമ്മേളനത്തില്‍ ആകെ 19 സിറ്റിങ്ങുകള്‍ മാത്രമാണുണ്ടാകുക.

പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ഥിച്ച് പാര്‍ലമെന്ററികാര്യ മന്ത്രാലയം ഞായറാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുതിര്‍ന്ന മന്ത്രിമാരും വിവിധ കക്ഷിനേതാക്കളും യോഗത്തില്‍ പങ്കെടുത്തു. 18 ബില്ലുകള്‍ പാസാക്കാനായി പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. ഇതിന് പുറമെ 16 പുതിയ ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ജിഎസ്ടി അനുബന്ധ ബില്ലുകള്‍, വേതനകാര്യത്തിലെ തൊഴില്‍ചട്ടം സംബന്ധിച്ച ബില്‍, യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ഭേദഗതി ബില്‍, ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍, സ്റ്റേറ്റ് ബാങ്ക് ഭേദഗതി ബില്‍, ദേശീയ കായിക സര്‍വകലാശാല ബില്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

മോട്ടോര്‍ വാഹന ഭേദഗതി ബില്‍, വിസില്‍ ബ്ളോവേഴ്സ് സംരക്ഷണ ഭേദഗതി ബില്‍, അഴിമതിതടയല്‍ ഭേദഗതി ബില്‍, പൌരത്വ ഭേദഗതി ബില്‍ തുടങ്ങിയവയും പാര്‍ലമെന്റിന്റെ പരിഗണയിലുണ്ട്. വനിതാസംവരണ ബില്‍ വര്‍ഷകാലസമ്മേളനത്തിലും സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരിയും ലോക്സഭാനേതാവ് പി കരുണാകരനും സര്‍വകക്ഷിയോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു. ലോക്സഭയില്‍ സ്വന്തം നിലയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാര്‍ ബില്‍ കൊണ്ടുവരാത്തത് വനിതകളോടുള്ള അവഗണനയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Related News

കൂടുതൽ വാർത്തകൾ »