21 May Monday

ശശികലയെ എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017

ചെന്നൈ>എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.പാര്‍ടി പ്രിസീഡിയം മുന്‍ ചെയര്‍മാന്‍ ഇ മധുസൂദനന്‍ ആണ് പുറത്താക്കിയത്. പനീര്‍ശെല്‍വം പക്ഷത്തെത്തിയ  മധുസൂധനന്‍  ശശികലയുടെ അനന്തരവന്‍ ടി.ടി.വി ദിനകരനെയും എസ് വെങ്കടേഷിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി.

തനിക്കെതിരായ സുപ്രീംകോടതി വിധി വന്നശേഷമാണ് ശശികല ടി.ടി.വി ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയത്. നേരത്തെ ജയലളിത പാര്‍ടിയില്‍നിന്ന് പുറത്തക്കിയ ആളാണ് ദിനകരന്‍. ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ഇ മധുസൂദനന്‍ പറഞ്ഞു. ഭരണഘടനപ്രകാരം അഞ്ചുവര്‍ഷം പാര്‍ട്ടി അംഗമായിരുന്ന ആളെ മാത്രമെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇ പളനിസാമി നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് പനീര്‍ശെല്‍വം പക്ഷം ശശികല അടക്കമുള്ളവരെ പുറത്താക്കിയിട്ടുള്ളത്.അതിനിടെ മൈലാപ്പുര്‍ എംഎല്‍എ എം നടരാജന്‍ പനീര്‍ശെല്‍വം പക്ഷത്തേക്ക് പോന്നു.
 

 
പ്രധാന വാർത്തകൾ
Top