Top
25
Tuesday, July 2017
About UsE-Paper

ഭ്രമണപഥത്തിലെ വിസ്മയ സെല്‍ഫി

Friday Feb 17, 2017
വെബ് ഡെസ്‌ക്‌
പിഎസ്എല്‍വി സി-37 ല്‍ നിന്നും ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതിന്റെ സെല്‍ഫി

തിരുവനന്തപുരം > ബഹിരാകാശത്തെ പൂരംപോലെ 104 ഉപഗ്രഹങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി തെന്നി നീങ്ങുന്ന വീഡിയോ സെല്‍ഫി ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ബുധനാഴ്ച വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി റോക്കറ്റില്‍നിന്ന് വേര്‍പെടുന്ന തത്സമയ വീഡിയോ ആണിത്. പിഎസ്എല്‍വി സി-37 റോക്കറ്റിന്റെ നാലാം ഘട്ടത്തില്‍ ഉറപ്പിച്ചിരുന്ന എട്ടു ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണിവ. വിക്ഷേപണത്തിന്റെ തുടക്കംമുതലുള്ള ദൃശ്യങ്ങളുണ്ട്.

ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് ഉപഗ്രഹവും തൊട്ടു പിന്നാലെ രണ്ട് നാനോ ഉപഗ്രഹവും റോക്കറ്റില്‍നിന്ന് വേര്‍പെടുന്നതാണ് ആദ്യം. തുടര്‍ന്ന് ഒന്നിനു പിറകെ മറ്റൊന്നായി മറ്റുള്ള ഉപഗ്രഹങ്ങളും. ഇടയ്ക്ക് ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ മനോഹരമായ ദൃശ്യം. എട്ടു ക്യാമറയും അവസാനം വരെ കൃത്യതയോടെ പ്രവര്‍ത്തിച്ചതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു.