26 September Wednesday

പ്രവർത്തകസമിതിയില്ലാതെ കോൺഗ്രസ്; നേതാക്കളിൽ ആശയക്കുഴപ്പം

സാജന്‍ എവുജിന്‍Updated: Sunday Jul 15, 2018

ന്യൂഡൽഹി > പ്രവർത്തകസമിതിയില്ലാതെ കോൺഗ്രസ് അഞ്ചാംമാസത്തിലേക്ക്. കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ദീർഘമായ കാലം പ്രവർത്തകസമിതി ഇല്ലാതിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേരിടുന്ന ആശയക്കുഴപ്പത്തിന്റെ ഉദാഹരണമാണിത്.

നയരൂപീകരണത്തിൽ നിർണായകമായ പ്രവർത്തകസമിതിയുടെ അഭാവം ലോക്‌സഭാ തെരഞ്ഞെടുപ്പിന‌് ഒരുങ്ങേണ്ട ഘട്ടത്തിൽ കോൺഗ്രസിന‌് ഒട്ടേറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ കോൺഗ്രസിന‌് നിലപാട് കൈക്കൊള്ളാൻ കഴിയുന്നില്ല. വക്താക്കളുടെ അഭിപ്രായങ്ങൾ പിന്നീട് തള്ളിപ്പറയേണ്ടിവരുന്നു. ഈ അവസ്ഥ പാർടിക്കുള്ളിൽ അസ്വസ്ഥത പടർത്തിയിട്ടുണ്ട്.

മാർച്ച് മധ്യത്തിൽ, എഐസിസി പ്ലീനറി സമ്മേളനത്തിനു മുന്നോടിയായാണ് നിലവിലുണ്ടായിരുന്ന പ്രവർത്തകസമിതി പിരിഞ്ഞുപോയത്. താൽക്കാലികമായി രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയാണ് പ്ലീനറി സമ്മേളനം നിയന്ത്രിച്ചത്. പുതിയ പ്രവർത്തകസമിതി രൂപീകരിക്കാൻ രാഹുൽ ഗാന്ധിയെ പ്ലീനറി സമ്മേളനം ചുമതലപ്പെടുത്തി.

നാല് മാസം പിന്നിടുമ്പോഴും പുതിയ സമിതി വന്നിട്ടില്ല. രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനായി കാത്തിരിക്കയാണെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. ആദ്യം പ്രവർത്തകസമിതി രൂപീകരിക്കും; തുടർന്ന് ജനറൽ സെക്രട്ടറിമാരെ നിശ്ചയിക്കും എന്ന നിലയിലായിരുന്നു ധാരണ. എന്നാൽ,  എട്ടുപേർ ജനറൽ സെക്രട്ടറിമാരായി തുടരവെ തന്നെ പുതുതായി മല്ലികാർജുൻ ഖാർഗെ, ഉമ്മൻചാണ്ടി, അശോക് ഗെലോട്ട് എന്നിവരെയും ജനറൽ സെക്രട്ടറിമാരാക്കി.  പ്രവർത്തകസമിതിയിൽ 15 അംഗങ്ങളാണ് പതിവ്. ജനറൽ സെക്രട്ടറിമാരുടെ പ്രവർത്തനം വിലയിരുത്തിയശേഷം ജാതി‐മേഖല പരിഗണനകളുടെ അടിസ്ഥാനത്തിൽ പ്രവർത്തകസമിതി രൂപീകരിക്കാമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട‌്.

ജനറൽ സെക്രട്ടറിമാർക്ക് പൊതുവെ സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകുന്നത്.  പ്രവർത്തകസമിതിയുടെ പങ്ക് ദേശീയതലവിഷയങ്ങളിൽ തീരുമാനമെടുക്കലാണ്. ഉത്തർപ്രദേശ്, ബിഹാർ, കേരളം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പിസിസി പ്രസിഡന്റുമാരെ നിയമിക്കുന്ന കാര്യത്തിലും തീരുമാനം നീളുകയാണ്.

പ്രധാന വാർത്തകൾ
Top