11 December Tuesday

ഒരു വര്‍ഷം കൊണ്ട് എം കോം; മോഡിക്ക് പിന്നാലെ മധ്യപ്രദേശ് ബിജെപി മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയും വിവാദത്തില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

ന്യൂഡല്‍ഹി > പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിന്നാലെ മധ്യപ്രദേശ് മന്ത്രി സുരേന്ദ്ര പട്‌വയുടെ വിദ്യാഭ്യാസ യോഗ്യതയും വിവാദത്തില്‍. ഒരു വര്‍ഷം കൊണ്ട് ബിരുദാനന്ദര ബിരുദം പൂര്‍ത്തിയാക്കിയതായാണ് ഇയാള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു കൊല്ലം കൊണ്ട് എംകോം കോഴ്സ് തീര്‍ത്തെന്ന മന്ത്രിയുടെ പത്രികയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളായ മാന്‍സിങ് രഘുവംശിയും രവീന്ദ്ര സാഹുവും  തെരഞ്ഞെടുപ്പ് കമിഷനെ സമീപിച്ചു. ഇതോടെ സുരേന്ദ്ര പട്‌വയുടെ സ്ഥാനാര്‍ഥിത്വം താല്‍ക്കാലികമായി തടഞ്ഞു വെച്ചിരിക്കുകയാണ് കമിഷന്‍.  സുരേന്ദ്ര പട്‌വയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും.

സുരേന്ദ്ര പട്‌വയുടെ നാമനിര്‍ദേശ പത്രികയില്‍ 1984ല്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയെന്നാണ് പറയുന്നത്. അതേ സമയം 2013 ല്‍ സുരേന്ദ്ര പട്‌വ നല്‍കിയ പത്രികയില്‍ പറയുന്നത് 1983 ലാണ് ബിരുദപഠനം കഴിഞ്ഞത് എന്നാണ്. അങ്ങനെയെങ്കില്‍ ഒരു വര്‍ഷം കൊണ്ട് എങ്ങനെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതെന്നാണ് പരാതിക്കാരായ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ചോദിക്കുന്നത്.വിദ്യാഭ്യാസ യോഗ്യതയെ കൂടാതെ പട്‌വ സമര്‍പ്പിച്ച  സ്വത്ത് കണക്കുകളിലും ക്രമക്കേടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

രണ്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പട്‌വയ്ക്ക്  മത്സരിക്കാനാവുമോ എന്ന സംശയത്തിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. ശിവ്‌രാജ് സിങ് ചൗഹാന്‍ മന്ത്രിസഭയിലെ അംഗമായ പട്‌വ, ഭോജ്ബൂര്‍ മണ്ഡലത്തില്‍ നിന്നാണ്  മത്സരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബിരുദത്തെ കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംശയമുന്നയിച്ചിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top