25 June Monday

രാജസ്ഥാനില്‍ പൊരുതി നേടി: കര്‍ഷകരുടെ ഇച്ഛാശക്തിക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2017

രാജസ്ഥാനിലെ കര്‍ഷകപ്രക്ഷോഭം നയിച്ച അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് അമ്രാറാമിനെയും നേതാക്കളെയും വിജയപ്രഖ്യാപനത്തിന്ശേഷം സിക്കറിലെ സമരവേദിയിലേക്ക് സ്വീകരിക്കുന്നു

ന്യൂഡല്‍ഹി > രാജസ്ഥാനില്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ 13 ദിവസമായി നടന്നുവന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐതിഹാസിക വിജയം. കടങ്ങള്‍ എഴുതിത്തള്ളണം എന്നതുള്‍പ്പെടെ എല്ലാ ആവശ്യങ്ങളും വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അംഗീകരിച്ചു. സെപ്തംബര്‍ ഒന്നിന് കലക്ടറേറ്റുകള്‍ ഉപരോധിച്ച് ആരംഭിച്ച സമരം ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തതോടെ ഇരുപതോളം ജില്ലകള്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി. അടിച്ചമര്‍ത്തല്‍ശ്രമങ്ങളെ അതിജീവിച്ച് മൂന്നുദിവസമായി കര്‍ഷകര്‍ റോഡുപരോധമടക്കം നടത്തിയതോടെ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു.

50,000 രൂപവരെയുള്ള കടം എഴുതിത്തള്ളും. ഇതിനായി കമ്മിറ്റി രൂപീകരിച്ച് മറ്റു സംസ്ഥാനങ്ങളിലെ സമാന നടപടികള്‍ പഠിക്കും. എട്ടുലക്ഷം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. താങ്ങുവിലക്കുള്ള സ്വാമിനാഥന്‍ കമീഷന്റെ നിര്‍ദേശം സമയബന്ധിതമായി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. നിലക്കടല, ചെറുപയര്‍, ഉഴുന്ന് എന്നിവ ജില്ലാകേന്ദ്രങ്ങളില്‍ സംഭരിക്കും. കണിക ജലസേചനത്തിനുള്ള വൈദ്യുതിനിരക്ക് വര്‍ധന പിന്‍വലിക്കും. പട്ടിക ജാതി-വര്‍ഗ, ഒബിസി ഫെലോഷിപ്പുകളിലെ കുടിശ്ശിക ഉടന്‍ നല്‍കും. കന്നുകാലിക്കച്ചവട നിയന്ത്രണത്തില്‍ ഇളവ് വരുത്താമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. അലഞ്ഞുനടക്കുന്ന കന്നുകാലികള്‍, വന്യജീവികള്‍ എന്നിവമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍നിന്ന് വിളകള്‍ക്ക് സംരക്ഷണം നല്‍കും. 60 വയസ്സിനുമുകളിലുള്ള കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും മാസം 2000 രൂപ വീതം പെന്‍ഷന്‍ നല്‍കും. കനാല്‍വെള്ളമെത്തിക്കുന്നതിലെ വീഴ്ചമൂലമുള്ള കൃഷിനാശത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം എന്നതടക്കുള്ള ആവശ്യങ്ങളും അംഗീകരിച്ചു.

ചൊവ്വാഴ്ച ഉച്ച മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നുവരെ നാലുഘട്ടമായി നടന്ന ചര്‍ച്ചക്കൊടുവിലാണ്് പ്രക്ഷോഭകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ ഉപരോധം അവസാനിപ്പിച്ച് റോഡുകള്‍ തുറന്നുനല്‍കാന്‍ സമരനായകനായ കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അമ്രാറാം ആഹ്വാനംചെയ്തു. തുടര്‍ന്ന് സിക്കര്‍, ചുരു, ജുന്‍ജുനു ഉള്‍പ്പെടുന്ന പ്രദേശത്തും ആഗ്ര-ബിക്കാനീര്‍ ദേശീയപാത 52 ലുമായി ഉണ്ടായിരുന്ന നാനൂറോളം ഉപരോധങ്ങള്‍ അവസാനിപ്പിച്ചു. കര്‍ഷകരുടെ നേതൃത്വത്തില്‍ സിക്കറിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിജയാഹ്ളാദപ്രകടനങ്ങള്‍ നടന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top