16 October Tuesday

കെജ്‌രിവാളിന്റെ ധർണ നാലാംദിവസത്തിലേക്ക്

സ്വന്തം ലേഖകൻUpdated: Thursday Jun 14, 2018

ന്യൂഡൽഹി > ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ ഓഫീസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന ധർണ നാലാംദിവസത്തിലേക്ക്. സത്യേന്ദ്ര ജയിനിനു പിന്നാലെ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ബുധനാഴ്ച അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. സർക്കാരിന്റെ പ്രവർത്തനങ്ങൾ അപ്രഖ്യാപിത സമരത്തിലൂടെ ഉദ്യോഗസ്ഥർ തടയുകയാണെന്ന് ആരോപിച്ചാണ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ധർണ നടത്തുന്നത്. ബിജെപിയിൽനിന്ന് രാജിവച്ച വിമത നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ ലഫ്. ഗവർണറുടെ ഓഫീസിലെത്തി ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ചരിത്രത്തിലാദ്യമാണ് ലഫ്. ജനറലിനെതിരെ ഇത്തരം ഒരു സമരം നടക്കുന്നത്. ഡൽഹിയിലെ വോട്ടർമാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള തന്റെ “സർജിക്കൽ സ്ട്രൈക‌്’ ആണ് ഈ പ്രതിഷേധമെന്ന് കെജ്‌‌രിവാൾ പറഞ്ഞു. സർക്കാർ പദ്ധതികൾ ഒന്നും നടപ്പാക്കാതെ ഉദ്യോഗസ്ഥർ അപ്രഖ്യാപിത സമരത്തിലാണെന്ന് കെജ്രിവാൾ ആരോപിച്ചു. ഇത് അവസാനിപ്പിക്കാൻ ഇടപെടണമെന്നും റേഷൻ വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് ധർണ നടത്തുന്നത്.

ഉദ്യോഗസ്ഥർ അപ്രഖ്യാപിത സമരം നടത്തുന്നില്ലെന്നും ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പ്രസ്‌‌‌താവനയിൽ അറിയിച്ച അനിൽ ബൈജാൽ മുഖ്യമന്ത്രിയെയും സംഘത്തെയും സന്ദർശിക്കാൻ തയ്യാറായില്ല. ഇതിനിടെ, സമരത്തിന് ഐക്യദാർഢ്യവുമായി ആം ആദ്മി പാർടി പ്രവർത്തകർ മാർച്ച് നടത്തി. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്ന ആവശ്യം കെജ്രിവാളിന്റെ സർക്കാർ ശക്തമാക്കിയതോടെ ബിജെപി എതിർസമരവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, മജീന്ദർ സിങ് സിർസ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ കെജ്രിവാളിന്റെ ഓഫീസിൽ ധർണ തുടങ്ങി. കുടിവെള്ളക്ഷാമം പരിഹരിക്കുക, സർക്കാരിന്റെ സ്തംഭനാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് അനിശ്ചിതകാല ധർണ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top