ad
Deshabhimani

മഹാജനപദയാത്ര ജീവിതാവകാശത്തിനുള്ള സമരസന്ദേശം: എം എ ബേബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 13, 2017, 07:27 PM | 0 min read

ഹൈദരാബാദ് > ജീവിതാവകാശത്തിനുള്ള സമരസന്ദേശമാണ് മഹാജനപദയാത്രയുടേതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. നല്‍ഗോണ്ട ജില്ലയില്‍ പദയാത്രയില്‍ സഞ്ചരിച്ചശേഷം വൈകിട്ട് സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഉപ്പുനികുതിക്കെതിരായ സമരസന്ദേശവുമായി ഗാന്ധിജി ദണ്ഡിമാര്‍ച്ച് തുടങ്ങിയത് 87 വര്‍ഷം മുമ്പ് മാര്‍ച്ച് 12നായിരുന്നെന്ന് എം എ ബേബി അനുസ്മരിച്ചു. തിമ്മനേനി വീരഭദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മഹാജന പദയാത്രയ്ക്ക് ഗാന്ധിജി നയിച്ച സമരവുമായി ഉറ്റബന്ധമുണ്ട്. സാമ്രാജ്യത്വ കുറിപ്പടിപ്രകാരം മുമ്പ് മന്‍മോഹന്‍സിങ്ങും ഇപ്പോള്‍ നരേന്ദ്രമോഡിയും നടപ്പാക്കിയ ജനവിരുദ്ധസാമ്പത്തിക നയങ്ങളുടെ കെടുതികളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് ഈ ദീര്‍ഘയാത്ര. 

3921 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞ ജാഥ തെലങ്കാനയുടെ സമഗ്രവികസനത്തിന്റെ മുദ്രാവാക്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന രണ്ട് ലക്ഷം തസ്തികകളിലേക്ക് നിയമനം നടത്തുക, ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് വീടും ഭൂമിയും നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രത്യക്ഷപോരാട്ടം തുടങ്ങേണ്ടിവരും.

പദയാത്രയ്ക്ക് പിന്തുണയുമായി എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും പ്രവര്‍ത്തകരും നേതാക്കളും സ്വീകരണയോഗങ്ങളില്‍ എത്തുന്നുവെന്നത് ഇതിന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്. താഴെതട്ടിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും നടത്തണം. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ മാതൃകയായ ജനമുന്നേറ്റമാണ് മഹാജന പദയാത്രയെന്ന് അദ്ദേഹം പറഞ്ഞു.

പദയാത്രാ വഴിയില്‍ ഭഗത്സിങ്ങിന്റെ പ്രതിമ എം എ ബേബി അനാച്ഛാദനം ചെയ്തു. സ്വീകരണയോഗങ്ങളില്‍ വീരഭദ്രവും ജാഥാംഗങ്ങളും സംസാരിച്ചു. മാര്‍ച്ച് 19നു ഹൈദരാബാദില്‍ സമാപനസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗം ബി വി രാഘവുലു എന്നിവര്‍ സംസാരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home