19 January Saturday

ഹണിട്രാപ‌്: രഹസ്യങ്ങള്‍ ചോര്‍ത്തിയ സൈനികന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ന്യൂഡൽഹി > ഇന്ത്യൻ സൈനികരഹസ്യങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ‌്ഐക്ക‌് ചോർത്തിനൽകിയ സൈനികനെ രാജസ്ഥാൻ പൊലീസ‌് അറസ്റ്റ‌് ചെയ‌്തു. സ്ത്രീകളെ നിയോ​ഗിച്ച് ഐഎസ‌്ഐ ഒരുക്കിയ ‘ഹണിട്രാപ്പിൽ’ അകപ്പെട്ടാണ‌് രാജസ്ഥാനിലെ ജയ‌്സാൽമിറിലെ ടാങ്ക‌് റജിമെന്റിൽ സൈനികനായ ബിഹാർ സ്വദേശി സോംബിര്‍ രഹസ്യങ്ങൾ പങ്കുവച്ചത് . ഇയാളെ ഇന്റലിജൻസ‌് വിഭാഗത്തിന‌് കൈമാറും. അറസ്റ്റ‌് വിവരം സൈന്യം സ്ഥിരീകരിച്ചു.

ജമ്മുവിൽനിന്നുള്ള വിദ്യാർഥിയായ “അനിക ചോപ്ര’യെന്ന‌് പരിചയപ്പെടുത്തിയാണ‌് പാക‌് ഏജന്റ‌് സൈനികനുമായി ബന്ധം സ്ഥാപിച്ചത‌്. യൂണിറ്റിന്റെ നീക്കങ്ങളും രഹസ്യവിവരങ്ങളും ഇയാൾ ഫെയ‌്സ‌്ബുക്കിലൂടെ “അനിക ചോപ്ര’ക്ക് കൈമാറി. നാല‌് മാസമായി നിരീക്ഷണത്തിലായിരുന്ന സോംബിറിന്റെ അറസ്റ്റ‌് ശനിയാഴ‌്ചയാണ‌് രേഖപ്പെടുത്തിയത‌്. അനിക ചോപ്രയെന്ന ഫെയ‌്സ‌്ബുക്ക‌് ഐഡി വ്യാജമാണെന്നും പാകിസ്ഥാനിലെ കറാച്ചിയിലാണ‌് ഇതിന്റെ ഉറവിടമെന്നും പൊലീസ‌് പറഞ്ഞു. കൂടുതൽ സൈനികർ ഇത്തരത്തിൽ കെണിയിൽപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും ഇതിനായി സൈനികരുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിച്ച‌് വരികയാണെന്നും സൈനികവൃത്തങ്ങൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top