Top
17
Sunday, December 2017
About UsE-Paper

ശബരിമല സ്ത്രീപ്രവേശനം: കേസ് ഭരണഘടനാബെഞ്ചിന്

Saturday Oct 14, 2017
എം അഖില്‍

ന്യൂഡല്‍ഹി > ശബരിമലയിലെ സ്ത്രീപ്രവേശനവിഷയം സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. അതീവ പ്രാധാന്യമുള്ള വിഷയമാണിതെന്നും ഭരണഘടനാപരമായ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ അഞ്ചംഗഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് തുല്യതയ്ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന 14-ാം അനുച്ഛേദം, വിവേചനത്തിനെതിരായി സംരക്ഷണം വാഗ്ദാനം ചെയ്യുന്ന 15-ാം അനുച്ഛേദം, ഏതെങ്കിലും രീതിയിലുള്ള തൊട്ടുകൂടായ്മ റദ്ദാക്കുന്ന 17-ാം അനുച്ഛേദം തുടങ്ങി ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് മൂന്നംഗബെഞ്ചിന്റെ നിലപാട്. മതസ്വാതന്ത്യ്രത്തിനുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന 25-ാം അനുച്ഛേദപ്രകാരം സ്ത്രീകളെ അകറ്റിനിര്‍ത്തുന്ന നീക്കത്തെ ന്യായീകരിക്കാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം കേരളത്തിന്റെയും തമിഴ്നാടിന്റെയും സംയുക്തഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിന് ഭരണഘടനാതത്വങ്ങള്‍ ലംഘിച്ച് മുന്നോട്ടുപോകാനാകുമോയെന്നും കോടതി പരിശോധിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേര്‍ കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. ഈ ഹര്‍ജികളും അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കും.

ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ ഭാനുമതി എന്നിവര്‍ അംഗങ്ങളായ ബഞ്ച് വിഷയം ഭരണഘടനാബെഞ്ചിന് വിട്ടത്.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്്.

പരിശോധിക്കേണ്ട പ്രധാന ചോദ്യങ്ങള്‍

1. സ്ത്രീകള്‍ക്കു മാത്രമുള്ള ജീവശാസ്ത്രപരമായ സവിശേഷതയുടെ പേരില്‍ വിവേചനം ഏര്‍പ്പെടുത്തുന്നത് മൌലികാവകാശലംഘനമാണോ?
2. ആര്‍ത്തവമുള്ള സ്ത്രീകളെ അകറ്റിനിര്‍ത്തുന്നത് മതസ്വാതന്ത്യ്രം വാഗ്ദാനംചെയ്യുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിലെ 'അനിവാര്യമായ മതാചാരങ്ങളുടെ' ഭാഗമാണോ?
3. ശബരിമലക്ഷേത്രത്തെ പ്രത്യേക വിഭാഗമായി കണക്കാക്കേണ്ടതുണ്ടോ?
4. 1965ലെ കേരള ഹൈന്ദവ ആരാധനാലയങ്ങളിലെ പ്രവേശനച്ചട്ടം പ്രായപരിധി അനുസരിച്ച് സ്ത്രീപ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കുന്നുണ്ടോ?
5. കേരള ഹൈന്ദവ ആരാധനാലയങ്ങളിലെ പ്രവേശനച്ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് മൌലികാവകാശങ്ങളുടെ ലംഘനമാണോ?

Related News

കൂടുതൽ വാർത്തകൾ »