ad
Deshabhimani

മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനു ക്ഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 13, 2017, 08:07 AM | 0 min read

ന്യൂഡല്‍ഹി > നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതായ മണിപ്പൂരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചു. നേരത്തെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപിയും കോണ്‍ഗ്രസും ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ളയെ കണ്ടിരുന്നു.

തുടര്‍ന്ന്  ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.18 ന്  മുന്‍പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങ്ങായിരിക്കും മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രി. അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക സാന്നിധ്യമായ ചെറു പാര്‍ടികളുടെ പിന്തുണ ഇരു പാര്‍ടികളും ഒരുപോലെ അവകാശപ്പെടുന്നത് കുതിരക്കച്ചവടത്തിന് വഴിനല്‍കുകയാണ്. അതുകൊണ്ടുതന്നെ വിശ്വാസവോട്ടെടുപ്പിനുശേഷം മാത്രമേ പുതിയ സര്‍ക്കാരിന്റെ കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് സൂചന. 

കോണ്‍ഗ്രസില്‍നിന്ന് പത്തോളം എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറിയതായും വിവരമുണ്ട്. ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണമുയര്‍ന്നേക്കാമെന്നത് കണക്കിലെടുത്താണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചതെന്നാണ് സൂചന. 60 അംഗ സഭയില്‍ 28 സീറ്റു നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 31 സീറ്റാണു കേവല ‘ഭൂരിപക്ഷത്തിനു വേണ്ടത്. ബിജെപിക്ക് 21 സീറ്റുണ്ട്.  നാഷനല്‍ പീപ്പിള്‍സ് പാര്‍ടിക്കും നാഗാ പീപ്പിള്‍സ് ഫ്രണ്ടിനും നാലു സീറ്റു  വീതമാണുള്ളത്. കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരോ സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്.  ഇവരുടെയെല്ലാം പിന്തുണ ഇരുപാര്‍ട്ടികളും അവകാശപ്പെടുന്നുമുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ എന്തുവിലകൊടുത്തും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണു ബിജെപി. പ്രാദേശിക കക്ഷികളും സ്വതന്ത്രനും ഉള്‍പ്പെടെ 32 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ളയ്ക്കു കത്തു നല്‍കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home