19 January Saturday

അലോകിനെതിരെ തെളിവില്ല: ജസ‌്റ്റിസ‌് എ കെ പട‌്നായ‌്ക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

ന്യൂഡൽഹി > സിബിഐ ഡയറക്ടറായിരുന്ന അലോക‌്‌ വർമയ‌്ക്ക‌് എതിരെ കേന്ദ്ര വിജിലൻസ‌് കമീഷൻ  (സിവിസി) സമർപ്പിച്ച  റിപ്പോർട്ടിലെ അഴിമതി ആരോപണങ്ങൾക്ക‌് തെളിവില്ലെന്ന‌് സുപ്രീംകോടതി മുൻ ജ‌ഡ‌്ജി. സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശപ്രകാരം സിവിസി അന്വേഷണത്തിന‌് മേൽനോട്ടം വഹിച്ച മുൻ ജഡ‌്ജി  ജസ‌്റ്റിസ‌് എ കെ പട‌്നായിക്കിന്റേതാണ് വെളിപ്പെടുത്തല്‍.സിവിസി റിപ്പോർട്ടിലെ നിഗമനങ്ങൾ തന്റേതല്ലെന്ന‌് ദേശീയമാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചു. 

അലോക‌്‌ വർമ അഴിമതി നടത്തിയെന്ന ആക്ഷേപത്തിന‌് തെളിവുണ്ടായിരുന്നില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതിന‌ുപകരം ഉന്നതതലസമിതി വിഷയത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കേണ്ടതായിരുന്നു. അലോക‌്‌ വർമയെ സ്ഥലംമാറ്റിയ നടപടി ഏറെ തിടുക്കത്തിലായിപ്പോയി-, എ കെ പട‌്നായിക്ക‌് ചൂണ്ടിക്കാട്ടി. 

സിബിഐ സ‌്പെഷ്യൽ ഡയറക്ടർ രാകേഷ‌് അസ‌്താനയുടേതെന്ന‌് അവകാശപ്പെട്ട‌് 2018 നവംബർ 9ന‌് സിവിസി ഒരു മൊഴി കൈമാറി. അസ‌്താന നേരിട്ട് ഹാജരാകുകയോ തന്റെ സാന്നിധ്യത്തിൽ മൊഴിയിൽ ഒപ്പിടുകയോ ചെയ‌്തിട്ടില്ല.  അലോക‌്‌ വർമയ്ക്ക‌് എതിരായ ആരോപണങ്ങളിൽ ഉന്നതതലസമിതി തീരുമാനം എടുക്കണമെന്ന‌് സുപ്രീംകോടതി നിർദേശിച്ചത‌് ശരിയാണ‌്. എന്നാൽ, സുപ്രീംകോടതിയിലെ സിറ്റിങ് ജഡ‌്ജികൂടി അംഗമായ ഈ സമിതി വിഷയത്തിൽ തിടുക്കപ്പെട്ട‌് തീരുമാനം എടുത്തു. സിബിഐയെ പോലെയുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നു– എ കെ പട‌്നായിക്ക‌് പറഞ്ഞു.

സിവിസി മുദ്രവച്ച കവറിൽ കൈമാറിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്റേതല്ലെന്ന‌് എ കെ പട‌്നായിക്ക‌് സുപ്രീംകോടതിയിൽ സമർപ്പിച്ച രണ്ട‌് പേജുള്ള റിപ്പോർട്ടിൽ അറിയിച്ചിരുന്നു.

രാകേഷ‌് അസ‌്താന തനിക്ക‌് എതിരെ നൽകിയ പരാതികളിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ  നിരത്തിയാണ‌് സിവിസി റിപ്പോർട്ട‌് തട്ടിക്കൂട്ടിയതെന്ന അലോക‌്‌വർമയുടെ വാദം സ്ഥിരീകരിക്കുന്നതാണ‌് ജസ്റ്റിസ് എ കെ പട‌്നായിക്ക‌ിന്റെ വെളിപ്പെടുത്തല്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top