19 January Saturday

കോൺഗ്രസിനെ ഒഴിവാക്കി എസ‌്പി–ബിഎസ‌്പി സഖ്യം

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

ന്യൂഡൽഹി > ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി ബിഎസ‌്പി–- സമാജ‌്‌വാദി പാർടി സഖ്യം. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റിൽ 38 സീറ്റുകളിൽ വീതം ബിഎസ‌്പിയും എസ‌്പിയും മത്സരിക്കും.  ലഖ‌്നൗവിൽ ശനിയാഴ‌്ച സംയുക്ത വാർത്താസമ്മേളനം വിളിച്ചാണ് ബിഎസ‌്പി അധ്യക്ഷ മായാവതിയും എസ‌്പി അധ്യക്ഷൻ അഖിലേഷ‌് യാദവും  കോൺഗ്രസിനെ ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ‌് സഖ്യം പ്രഖ്യാപിച്ചത‌്. 

കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ റായ‌്ബറേലിയിലും സഖ്യത്തിന‌് സ്ഥാനാർഥികളുണ്ടാവില്ല. സഖ്യകക്ഷിയാകാൻ സാധ്യതയുള്ള ആർഎൽഡിക്കായി രണ്ട‌് സീറ്റ‌് നീക്കിവച്ചു. ബാബ‌്റി മസ‌്ജിദ‌് ധ്വംസനത്തിന‌് ശേഷം 1993 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ‌്പിയും ബിഎസ‌്പിയും സഖ്യത്തിൽ മത്സരിച്ച‌് ഉത്തർപ്രദേശിൽ ഭരണം പിടിച്ചിരുന്നു. 1995ൽ സഖ്യം പൊളിഞ്ഞു.

ബിഎസ‌്പി–- എസ‌്പി സഖ്യം ബിജെപിക്കും കോൺഗ്രസിനും കനത്ത ആഘാതമാകും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടിയ ബിജെപിക്ക്  ഇക്കുറി കുറഞ്ഞത‌് 50 സീറ്റെങ്കിലും നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. ഏറ്റവും കൂടുതല്‍ ലോക‌്സഭാ മണ്ഡലങ്ങളുള്ള യുപിയില്‍ കോൺഗ്രസ‌ിന്റെ ജയസാധ്യത രണ്ട‌് സീറ്റിൽ മാത്രമാകും. 

കോൺഗ്രസിനെ സഖ്യത്തിൽ ഉൾപ്പെടുത്തിയത‌ുകൊണ്ട‌് പ്രത്യേകിച്ച‌് പ്രയോജനമില്ലെന്ന്  മായാവതിയും അഖിലേഷും പറഞ്ഞു. കോൺഗ്രസുമായുള്ള സഖ്യം മുമ്പും ഗുണം ചെയ‌്തിട്ടില്ല. തങ്ങളുടെ വോട്ടുകൾ കോൺഗ്രസിന‌് ലഭിക്കും. എന്നാൽ, അവരുടെ വോട്ടുകൾ തിരിച്ചുലഭിക്കില്ല. രാജ്യത്തൊരിടത്തും കോൺഗ്രസ‌ുമായി സഖ്യത്തിനില്ല. ഈ  സഖ്യം വരുന്ന തെരഞ്ഞെടുപ്പിലേക്ക‌് മാത്രമായല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും അതിന‌ുശേഷമുള്ള തെരഞ്ഞെടുപ്പുകളിലും തുടരുമെന്നും ഇരുവരും പറഞ്ഞു.


പ്രധാന വാർത്തകൾ
Top