19 October Friday

നീറിപ്പുകഞ്ഞ് മാസങ്ങള്‍; പൊട്ടിത്തെറിയില്‍ കലാശം

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


ന്യൂഡല്‍ഹി > സുപ്രീംകോടതിയുടെ അകത്തളങ്ങളില്‍ മാസങ്ങളായി നീറിപ്പുകഞ്ഞ അസംതൃപ്തിയാണ് പരസ്യമായ പൊട്ടിത്തെറിയില്‍ കലാശിച്ചത്. ലഖ്നൌവിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ലോബി വിരമിച്ച ഹൈക്കോടതി ജഡ്ജി മുഖേന സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിച്ച് അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കുന്ന ഹര്‍ജികള്‍ നവംബറില്‍ കോടതിയില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരോക്ഷ ആരോപണം ഉന്നയിക്കുന്ന രണ്ട് ഹര്‍ജിയാണ് അന്ന് വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയത്. 

ഈ വിഷയത്തില്‍ അഭിഭാഷക കാംന്വി ജെയ്സ്വാള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടു. തൊട്ടടുത്തദിവസം ഈ  ഉത്തരവ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കി. ഏതൊക്കെ കേസ് ആരൊക്കെ പരിഗണിക്കണമെന്നതും ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാര്‍ അംഗങ്ങളാകണമെന്നതും തന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്ന് ചീഫ്ജസ്റ്റിസ് അന്നത്തെ ഉത്തരവില്‍ പറഞ്ഞു. തുടര്‍ന്ന്, ചീഫ്ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, അരുണ്‍മിശ്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് കാംന്വി ജെയ്സ്വാളിന്റെ ഹര്‍ജി പരമോന്നത നീതിപീഠത്തിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി തള്ളി. രണ്ടാമത്തെ ഹര്‍ജി ഫയല്‍ ചെയ്ത സിജെഎആര്‍ എന്ന സംഘടനയ്ക്ക് മൂന്നംഗ ബെഞ്ച് 25 ലക്ഷം രൂപ പിഴ ചുമത്തിയതും വലിയ വാര്‍ത്തയായിരുന്നു. ഇതോടെ വിവാദങ്ങള്‍ക്ക് വിരാമമിട്ടെന്നാണ് കോടതി അന്ന് നിരീക്ഷിച്ചത്. എന്നാല്‍, നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തെത്തുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ വഷളായി.

സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ചീഫ്ജസ്റ്റിസിന് അധികാരമില്ലെന്നാണ് ഭൂരിഭാഗം ജഡ്ജിമാരുടെയും നിലപാട്. ഏതൊക്കെ ബെഞ്ചില്‍ ആരൊക്കെ വേണമെന്നത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകണം. പ്രാവീണ്യമുള്ള ജഡ്ജിയെ ആ മേഖലയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍നിന്നും ഒഴിവാക്കി താല്‍പ്പര്യമുള്ള മറ്റു ജഡ്ജിമാരെ നിയമിക്കുന്നത് ശരിയല്ല. ഈ രീതിയിലുള്ള ബെഞ്ച് നിര്‍ണയംവഴി പല പ്രധാന കേസിലും അനുചിത വിധി ഉണ്ടായിട്ടുണ്ട്.  ഇങ്ങനെ മുന്നോട്ടുപോയാല്‍ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യത നഷ്ടമാകും എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിക്കുന്നത്. സുപ്രീംകോടതിയിലെ തന്നെ ഒരുപറ്റം മുതിര്‍ന്ന അഭിഭാഷകരുടെയും പിന്തുണ ഇവര്‍ക്കുണ്ടെന്നത് ശ്രദ്ധേയമാണ്.

അഭിഭാഷകരും ചീഫ്ജസ്റ്റിസും തമ്മിലുള്ള ബന്ധവും സുഗമമല്ല. കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ വരെ അനാവശ്യമായി കോലാഹലം ഉണ്ടാക്കുകയാണെന്ന ചീഫ്ജസ്റ്റിസിന്റെ പരാമര്‍ശം പ്രതിഷേധത്തിനിടയാക്കി. ചീഫ്ജസ്റ്റിസ് വാദിക്കാന്‍ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പ്രാക്ടീസ് മതിയാക്കിയതും പിന്നീട് തീരുമാനം തിരുത്തിയതും വിവാദമായി.

എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് തന്റെ ശ്രമമെന്ന് ചീഫ്ജസ്റ്റിസ് ആവര്‍ത്തിക്കുമ്പോഴും സുപ്രീംകോടതിയിലെ സംഭവങ്ങള്‍ തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top