16 July Monday
പിഎസ്എല്‍വി സി-40 ലക്ഷ്യംകണ്ടു

സെഞ്ച്വറി കുതിപ്പില്‍ ഐഎസ്ആര്‍ഒ

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


ശ്രീഹരിക്കോട്ട > സ്വന്തമായി നിര്‍മിച്ച നൂറാമത്തെ ഉപഗ്രഹത്തെയും ബഹിരാകാശത്ത് എത്തിച്ച് ചരിത്രംകുറിച്ച് ഐഎസ്ആര്‍ഒ. വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രഹങ്ങളെ കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച് പിഎസ്എല്‍വി സി-40 റോക്കറ്റ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രലോകത്തിന്റെ സെഞ്ച്വറി കുതിപ്പ് വിജയകരമായി പൂര്‍ത്തിയാക്കി. വിദേശ രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങളും ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളുമാണ് വിജയകരമായി വിക്ഷേപിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 9.29നാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ബഹിരാകാശ മാലിന്യം ഭ്രമണപഥത്തിലേക്ക് കടന്നു വരുന്നതിനാല്‍ ഒരു മിനിറ്റ് വൈകിയായിരുന്നു വിക്ഷേപണം. കഴിഞ്ഞ ഓഗസ്തിലുണ്ടായ പരാജയത്തിനു ശേഷം നടന്ന വിക്ഷേപണം ഏറെ നിര്‍ണായകമായിരുന്നു. രണ്ടു മണിക്കൂറിലേറെ നീണ്ട വിക്ഷേപണത്തിന് ഏറെ പ്രത്യേകതയും ഉണ്ടായിരുന്നു. വിക്ഷേപണത്തിന്റെ 17-ാം മിനിറ്റില്‍ കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തെ 550 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. 29 ഉപഗ്രഹങ്ങളെ തുടര്‍ന്ന് ഒന്നിനു പിറകെ മറ്റൊന്നായി വിവിധ ഭ്രമണപഥങ്ങളിലേക്ക് നിക്ഷേപിച്ചു.

റോക്കറ്റിന്റെ നാലാംഘട്ടം മൂന്നു തവണ 'റീസ്റ്റാര്‍ട്ട്' ചെയ്ത് ഭ്രമണപഥം വ്യത്യാസപ്പെടുത്തുന്ന സങ്കീര്‍ണ പരീക്ഷണംകൂടി ഇക്കുറി ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. റോക്കറ്റിന്റെ നാലാംഘട്ടത്തെ 58-ാം മിനിറ്റില്‍ റീ സ്റ്റാര്‍ട്ട് ചെയ്ത് ഭ്രമണപഥം 359 കിലോമീറ്ററിലേക്ക് താഴ്ത്തിയശേഷമാണ് ഇന്ത്യയുടെ മൈക്രോസാറ്റിനെ ഭ്രമണപഥത്തിലേക്കിറക്കിയത്. നാലാംഘട്ടത്തില്‍ ശേഷിക്കുന്ന ഇന്ധനം വീണ്ടും ജ്വലിപ്പിച്ച് ശക്തിപരിശോധനയും നടത്തി.

യുഎസ്എയുടെ പത്തും  കൊറിയയുടെ അഞ്ച് ഉപഗ്രഹങ്ങള്‍ക്കുമൊപ്പം ക്യാനഡ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, യുകെ  എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ലക്ഷ്യത്തിലെത്തിച്ചത്. എല്ലാ ഉപഗ്രഹങ്ങളില്‍ നിന്നുമുള്ള സിഗ്നലുകള്‍ ലഭിച്ചുതുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. 

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ എസ് കിരണ്‍കുമാര്‍, നിയുക്ത ചെയര്‍മാന്‍ ഡോ. കെ ശിവന്‍, എല്‍പിഎസ്സി ഡയറക്ടര്‍ എസ് സോമനാഥ്, ഷാര്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണന്‍, മിഷന്‍ ഡയറക്ടര്‍ ആര്‍ ഹട്ടന്‍, വെഹിക്കിള്‍ ഡയറക്ടര്‍ എജി രാധാകൃഷ്ണന്‍ എന്നിവര്‍ വിക്ഷേപണത്തിന് നേതൃത്വം നല്‍കി. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top