13 November Tuesday

സ്വവർഗരതി: സുപ്രീംകോടതിക്ക് തീരുമാനിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


ന്യൂഡൽഹി
സ്വവർഗരതി കുറ്റകരമാക്കുന്ന ഐപിസി 377‐ാംവകുപ്പിന്റെ നിയമസാധുത സംബന്ധിച്ച് സുപ്രീംകോടതിക്ക് ഉചിത തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ. സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ‌് നിലപാട് വ്യക്തമാക്കിയത‌്. അതേസമയം, ഉഭയസമ്മതപ്രകാരമുള്ള സ്വവർഗബന്ധങ്ങൾക്ക് നിയമസാധുത ലഭിക്കുന്നതോടെ രാജ്യത്തെ ലൈംഗികന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനങ്ങൾ അവസാനിച്ചേക്കുമെന്ന് സുപ്രീംകോടതി.

സ്വവർഗബന്ധം സദാചാരപരമായി മോശമാണെന്ന തെറ്റിദ്ധാരണ മാറാനും നിയമസാധുത വഴിയൊരുക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു.

ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശംതന്നെയാണെന്ന് 377‐ാംവകുപ്പിന്റെ നിയമസാധുത പരിശോധിക്കുന്ന ഭരണഘടനാബെഞ്ച് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ അവകാശം അഗമ്യഗമനംപോലെയുള്ള വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും എഎസ്ജി ആവശ്യപ്പെട്ടു. ഏതെങ്കിലും രീതിയിലുള്ള വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല കോടതിയുടെ ഉദ്ദേശ്യമെന്ന് ഭരണഘടനാബെഞ്ചിൽ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തിരിച്ചടിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങൾക്ക് പൂർണ അർഥമുണ്ടാകണമെങ്കിൽ തെരഞ്ഞെടുക്കാനുള്ള അവകാശത്തെക്കൂടി അംഗീകരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇത്തരം ബന്ധങ്ങൾക്ക് നിയമസാധുത ലഭിച്ചാൽ വിവേചനങ്ങൾ സ്വാഭാവികമായും അവസാനിക്കും‐ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. വിഷയത്തിൽ കോടതിക്ക് ഉചിത തീരുമാനമെടുക്കാമെന്നുള്ള സത്യവാങ‌്മൂലം എഎസ്ജി സമർപ്പിച്ചു. ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ കോടതി പരിശോധിക്കുന്നുണ്ടെങ്കിൽ വിശദമായ സത്യവാങ‌്മൂലം സമർപ്പിക്കാമെന്നും എഎസ്ജി അറിയിച്ചു. ഐപിസി 377‐ാംവകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയ ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയതിനെതിരായ ഹർജികളാണ് ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top