21 October Sunday

ജനാധിപത്യം അപകടത്തില്‍

എം അഖില്‍ Updated: Saturday Jan 13, 2018

സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങളും മുതിര്‍ന്ന ജഡ്ജിമാരുമായ കുര്യന്‍ ജോസഫ്, ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗൊയ്, മദന്‍ ബി ലോക്കുര്‍ എന്നിവര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു / ഫോട്ടോ: കെ എം വാസുദേവന്‍

ന്യൂഡല്‍ഹി > രാജ്യത്തിന്റെ നീതിന്യായചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്ത്. ജഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ തീരുമാനിക്കുന്ന സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങളും മുതിര്‍ന്ന ജഡ്ജിമാരുമായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗൊയ്, മദന്‍ ബി ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്രയോടുള്ള വിയോജിപ്പ് കോടതി നിര്‍ത്തിവച്ച് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. ശക്തമായ നീതിനിര്‍വഹണ സംവിധാനമാണ് ജനാധിപത്യത്തിന്റെ കരുത്തെന്നും അത് നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ജനങ്ങളോട് തുറന്നുപറയുന്നതെന്നും ജഡ്ജിമാര്‍ പറഞ്ഞു. നിയമവ്യവസ്ഥ തകര്‍ന്നാല്‍ ജനാധിപത്യം അപകടത്തിലാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിര്‍ണായക കേസുകള്‍ പരിഗണിക്കേണ്ട ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാര്‍ അംഗങ്ങളാകണമെന്ന് ചീഫ്ജസ്റ്റിസ് 'സ്വന്തം താല്‍പ്പര്യപ്രകാരം' തീരുമാനമെടുക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി രണ്ടുമാസം മുമ്പ് തങ്ങള്‍ ചീഫ്ജസ്റ്റിസിന് നല്‍കിയ ഏഴുപേജ് കത്ത് ജഡ്ജിമാര്‍ പുറത്തുവിട്ടു.

ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'തീരുമാനമെടുക്കേണ്ടത് രാജ്യമാണെന്ന്' ജസ്റ്റിസ് ജെ ചെലമേശ്വര്‍ പ്രതികരിച്ചു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍കേസ് വിചാരണ നടത്തിയിരുന്ന ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന് വിട്ട ചീഫ്ജസ്റ്റിസിന്റെ തീരുമാനമാണ് ജഡ്ജിമാരെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. പ്രധാന കേസ് താരതമ്യേന ജൂനിയറായ ജഡ്ജിയുടെ പരിഗണനയ്ക്കു വിട്ടത് ശരിയല്ലെന്ന് വെള്ളിയാഴ്ച രാവിലെ നാല് ജഡ്ജിമാരും ചീഫ്ജസ്റ്റിസിന്റെ ചേംബറിലെത്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തിരുത്താന്‍ ചീഫ്ജസ്റ്റിസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് പകല്‍ 11.15ന് നാല് ജഡ്ജിമാരും കോടതി നടപടികള്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. പിന്നീട് ജസ്റ്റിസ് ചെലമേശ്വറിന്റെ തുഗ്ളക്ക് റോഡിലെ നാലാംനമ്പര്‍ ഔദ്യോഗികവസതിയില്‍ ഇവര്‍ ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു.

പരമോന്നത നീതിപീഠത്തിന്റെ കെട്ടുറപ്പ് സംരക്ഷിച്ചില്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ഒട്ടും സന്തോഷത്തോടെയല്ല ഈ തുറന്നുപറച്ചില്‍. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും ഞങ്ങള്‍ നിശ്ശബ്ദരായിരുന്നെന്ന് ഭാവിയില്‍ ആരും പറയാന്‍ പാടില്ല. ഞങ്ങള്‍ ആത്മാവ് വിറ്റെന്ന് പിന്നീട്  പഴിചാരാന്‍ ഇടയാകരുത്. സുപ്രീംകോടതിയില്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല. തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ ചീഫ്ജസ്റ്റിസിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഞങ്ങളുടെ പ്രതിബദ്ധത രാജ്യത്തോടും സുപ്രീംകോടതിയോടുമാണ്- അദ്ദേഹം പറഞ്ഞു. ഇത്രയും തുറന്നുപറയേണ്ടത് രാജ്യത്തോടുള്ള കടമയായിരുന്നെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പറഞ്ഞു.  രാവിലെയും പ്രത്യേകവിഷയത്തില്‍ തിരുത്തല്‍ നടപടി ആവശ്യപ്പെട്ട് ചീഫ്ജസ്റ്റിസിനെ കണ്ടിരുന്നു. അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല- ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു.

സുപ്രീംകോടതി ജഡ്ജിമാരായ എല്‍ നാഗേശ്വരറാവുവും എസ് എ ബോബ്ഡെയും ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ വസതിയിലെത്തി പിന്നീട് ചര്‍ച്ച നടത്തി. പരസ്യമായി പ്രതിഷേധിച്ച ജഡ്ജിമാര്‍ക്ക് കൂടുതല്‍ ജഡ്ജിമാരുടെ പിന്തുണയുണ്ടെന്ന് ഇത് വ്യക്തമാക്കി. ചീഫ്ജസ്റ്റിസ് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് അഭ്യൂഹം പരന്നെങ്കിലും അറ്റോര്‍ണിജനറല്‍ കെ കെ വേണുഗോപാലുമായി ചര്‍ച്ച നടത്തിയശേഷം അദ്ദേഹം തീരുമാനം ഉപേക്ഷിച്ചു. സുപ്രീംകോടതിയുടെ ആഭ്യന്തരവിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ജഡ്ജിമാര്‍ സ്വന്തം നിലയ്ക്ക് തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും നിയമ സഹമന്ത്രി പി പി ചൌധരി പ്രതികരിച്ചു.  

പ്രധാന വാർത്തകൾ
Top