20 April Friday

ബിസ്മില്ല ഖാന്റെ മോഷണം പോയ ഷെഹ്നായി ഉരുക്കിയ നിലയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2017

ന്യൂഡല്‍ഹി > അന്തരിച്ച വിഖ്യാത സംഗീതജ്ഞന്‍ ബിസ്മില്ല ഖാന്റെ മോഷണം പോയ ഷെഹ്നായി ഉരുക്കിയ നിലയില്‍ കണ്ടെത്തി. ചെറുമകന്‍ നസ്റെ ഹസ്സനെ (ഷബാബ്)യും രണ്ടു ജ്വല്ലറിക്കാരെയും മോഷണക്കേസില്‍ അറസ്റ്റ് ചെയ്തു. വെള്ളിയില്‍ തീര്‍ത്ത മൂന്ന് ഷെഹ്നായിയും മരത്തില്‍ തീര്‍ത്ത വെള്ളികൊണ്ട് അരികിട്ട മറ്റൊന്നുമാണ് ഇരുപതുകാരനായ നസ്റെ ഹസ്സന്‍, ജ്വല്ലറി ഉടമ ശങ്കര്‍ലാല്‍ സേട്ട്, മകന്‍ സുജിത് സേട്ട് എന്നിവര്‍ക്ക് 17,000 രൂപയ്ക്ക് വിറ്റത്. ഉരുക്കിയ വെള്ളി ഒരുകിലോ വരും. ഷെഹ്നായിയുടെ തടികൊണ്ടുള്ള ചട്ടക്കൂടും കണ്ടെത്തി. 

മുന്‍ പ്രധാനമന്ത്രി നരസിംഹറാവു, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ്, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്നിവര്‍ ബിസ്മില്ല ഖാന് സമ്മാനിച്ചതായിരുന്നു ഷെഹ്നായികള്‍. വിശേഷാവസരങ്ങളിലാണ് അദ്ദേഹം ഇവ ഉപയോഗിച്ചിരുന്നത്. ബിസ്മില്ല ഖാന്റെ മകന്‍ കാസിം ഹുസൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാരാണസി പൊലീസ് അന്വേഷണം നടത്തിയത്. അദ്ദേഹം കുടുംബസമേതം യാത്രപോയ സമയത്താണ് മോഷണമുണ്ടായത്. നവംബര്‍ 29നും ഡിസംബര്‍ അഞ്ചിനും ഇടയിലായിരുന്നു മോഷണം പോയത്. ഡിസംബര്‍ അഞ്ചിനാണ് പരാതി നല്‍കിയത്.

ഷെഹ്നായി കണ്ടെത്താന്‍ യുപി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അഞ്ച് ഷെഹ്നായി മോഷണം പോയെന്നായിരുന്നു പരാതി. എന്നാല്‍, നാലെണ്ണം മാത്രമാണ് താനെടുത്തതെന്ന് ചെറുമകന്‍ പൊലീസില്‍ പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top