ന്യൂഡല്‍ഹി > അതിര്‍ത്തിരക്ഷാ സൈനികര്‍ക്ക് വിശപ്പടക്കാനുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ്ചെയ്ത ബിഎസ്എഫ് ജവാനെ കാണാനില്ലെന്ന് ഭാര്യ. തിങ്കളാഴ്ച വൈകിട്ടുമുതല്‍ ഭര്‍ത്താവ് തേജ് ബഹാദൂര്‍ യാദവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് താന്‍ അദ്ദേഹവുമായി അവസാനമായി ഫോണില്‍ സംസാരിച്ചത്.
പിന്നീട് ഒരു വിവരവുമില്ല. അദ്ദേഹമെവിടെയാണെന്നും ഏത് സാഹചര്യത്തിലാണെന്നും തനിക്കറിയില്ലെന്നും തേജ് ബഹാദൂര്‍ യാദവിന്റെ ഭാര്യ ഹിന്ദിയില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ തേജ് ബഹാദൂറിന്റെ പോസ്റ്റ് ഫെയ്സ്ബുക്കില്‍നിന്ന് പിന്‍വലിച്ചിരുന്നു.
വിശപ്പടക്കാന്‍പോലും ഭക്ഷണമില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നുവെന്നും വ്യക്തമാക്കുന്ന തേജ് ബഹാദൂര്‍ യാദവിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്നാണ് തേജ് ബഹാദൂറിനെ കാണാതായത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബിഎസ്എഫില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍, ആരോപണം തെറ്റാണെന്ന് ബിഎസ്എഫ് വ്യക്തമാക്കിയിരുന്നു. തേജ് ബഹാദൂര്‍ മദ്യപാനിയും കലഹക്കാരനുമാണെന്ന് ഡിഐജി ചൊവ്വാഴ്ച പറഞ്ഞിരുന്നു.