Top
17
Sunday, December 2017
About UsE-Paper

അതിര്‍ത്തിയില്‍നിന്ന് ജവാന്റെ സന്ദേശം,'വിശപ്പടക്കാനുള്ള ഭക്ഷണമില്ല'

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > അതിര്‍ത്തിരക്ഷാ സൈനികര്‍ക്ക് വിശപ്പടക്കാനുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്ന ബിഎസ്എഫ് ജവാന്റെ പരാതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിക്കുന്ന തേജ് ബഹാദൂര്‍ യാദവ് എന്ന ഭടനാണ് വീഡിയോദൃശ്യമായി പരാതി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ്ചെയ്തത്.

"രാവിലെ ഒരു റൊട്ടിയും ചായയും മാത്രം. പച്ചക്കറിയോ അച്ചാര്‍ പോലുമോ ഇല്ല.  ഉച്ചയ്ക്ക് റൊട്ടിയും പരിപ്പില്ലാത്ത 'പരിപ്പുകറി'യും ലഭിക്കും. രാത്രി ഒഴിഞ്ഞ വയറോടെ ഉറങ്ങേണ്ടിവരുന്നു. 11 മണിക്കൂര്‍ വരെ ജോലിചെയ്യുന്നവരാണ് ഞങ്ങള്‍. ഈ സാഹചര്യത്തില്‍ എങ്ങനെ ജോലിചെയ്യും''- നാല്‍പ്പതുകാരനായ തേജ്ബഹാദൂര്‍  പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അഴിമതികളും ഇദ്ദേഹം വിവരിക്കുന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലായി. ഇതേത്തുടര്‍ന്ന് പ്രതികരിച്ച ബിഎസ്എഫ് ഡിഐജി പരാതിക്കാരനെ മോശക്കാരനായി ചിത്രീകരിക്കാനാണ് മുതിര്‍ന്നത്. തേജ് ബഹാദൂര്‍ മദ്യപാനിയും കലഹക്കാരനുമാണെന്ന് ഡിഐജി പറഞ്ഞു.

എന്നാല്‍, വീരേന്ദര്‍ സെവാഗും ഹര്‍ബജന്‍സിങ്ങും അടക്കമുള്ള കായികതാരങ്ങള്‍ തേജ്ബഹാദൂറിനെ പിന്തുണച്ചു. സൈനികര്‍ക്കും കര്‍ഷകര്‍ക്കും മെച്ചപ്പെട്ട പരിഗണന ലഭിക്കണമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. ജനരോഷം ഉയര്‍ന്നതോടെ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.

ബിഎസ്എഫ് അധികൃതരോട് റിപ്പോര്‍ട്ട് തേടിയതായി ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്ന് ബിഎസ്എഫ് ട്വീറ്റ് ചെയ്തു. ബിഎസ്എഫ് 29-ാം ബറ്റാലിയനില്‍ അംഗമായ തേജ്ബഹാദൂര്‍ 1996ലാണ് സേനയില്‍ ചേര്‍ന്നത്. രജൌരിയിലാണ് സേവനം അനുഷ്ഠിക്കുന്നത്.