26 September Wednesday

അയൽരാജ്യങ്ങളിലെല്ലാം ഇന്ധനവില കുറവ്‌

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018

ന്യൂഡൽഹി
ബാഹ്യഘടകങ്ങളാണെന്ന് ഇന്ധന വിലവർധനയ‌്ക്ക‌് കാരണമെന്ന‌് അവകാശപ്പെടുന്ന കേന്ദ്രസർക്കാരിന‌് അയൽരാജ്യങ്ങളിലെ കുറഞ്ഞ നിരക്കിനെപ്പറ്റി വിശദീകരണമില്ല. സാമ്പത്തികശക്തിയെന്ന നിലയിൽ ഇന്ത്യയേക്കാൾ ഏറെ പിന്നോക്കമായ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഇന്ധനവില ഏറെ കുറവാണ്.
പെട്രോളിനും ഡീസലിനും പൂർണമായി ഇന്ത്യയെ ആശ്രയിക്കുന്ന നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും ഇന്ധനവില കുറഞ്ഞ നിരക്കിൽ ത്തന്നെ.
സെപ്തംബർ മൂന്നിന്റെ നിരക്കുകൾ പ്രകാരം അഫ്ഗാനിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ത്യൻ രൂപയിൽ 53.36 മാത്രമാണ് വില. പാകിസ്ഥാനിലാകട്ടെ 54.08 ഉം ശ്രീലങ്കയിൽ 69.94 ഉം ബംഗ്ലാദേശിൽ 76.43 രൂപയുമാണ്. ആഭ്യന്തരസംഘർഷങ്ങളാൽ കലുഷിതമായ അഫ്ഗാനിസ്ഥാനിൽ പെട്രോൾ ഇന്ത്യയിലേതിനേക്കാൾ 30 രൂപയോളം കുറച്ചാണ‌് വിൽക്കുന്നത‌്. ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവകാശപ്പെടുന്ന ബാഹ്യഘടകങ്ങൾ അഫ്ഗാനെ പോലെ സാമ്പത്തികമായി ദുർബലപ്പെട്ട ഒരു രാജ്യത്തിന് ബാധകമല്ലേയെന്ന ചോദ്യമാണുയരുന്നത്. ഭൂട്ടനിൽ പെട്രോൾവില സെപ്തംബർ മൂന്നിലെ കണക്കുപ്രകാരം 64.17 ഇന്ത്യൻ രൂപയാണ‌്. നേപ്പാളിലാകട്ടെ 69.94 രൂപയും. ഡീസലിന്റെ കാര്യത്തിലും സമാനസ്ഥിതിതന്നെ. നേപ്പാളിൽ ഡീസൽ വില ലിറ്ററിന് 59.85 രൂപയാണ്. ഭൂട്ടാനിലാകട്ടെ 62.01 രൂപയും.
 ഇന്ത്യയിൽ ഡീസൽ വില ലിറ്ററിന് 70 രൂപയും കടന്ന് കുതിക്കുമ്പോഴാണ് ഇവിടെനിന്ന് ഡീസൽ വാങ്ങുന്ന നേപ്പാളും ഭൂട്ടാനും കുറഞ്ഞ നിരക്കിൽ ഇന്ധനം വിൽക്കുന്നത്.
മോഡി സർക്കാരിന്റേതുപോലെ അമിതനികുതിയെന്ന ലാഭക്കൊതിയില്ലാത്തതിനാലാണ‌് ഇവിടങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുന്നത്.
ഡീസലിന്റെ കാര്യത്തിലും ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ നിരക്കാണ് മറ്റ് രാജ്യങ്ങളിലും. അഫ്ഗാനിസ്ഥാനിൽ വില ലിറ്ററിന് 43.98 രൂപ മാത്രമാണ്. ശ്രീലങ്കയിൽ 52.64 ഉം ബംഗ്ലാദേശിൽ 55.52 ഉം പാകിസ്ഥാനിൽ 62.01 രൂപയും. മോഡി സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ് പല അയൽരാജ്യങ്ങളിലും ഇന്ധനവില ഇന്ത്യയിലേതിനേക്കാൾ ഉയർന്ന നിരക്കിലായിരുന്നെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top