Top
19
Tuesday, December 2017
About UsE-Paper

ആധാര്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടാമെന്ന് കേന്ദ്രം

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി >  ക്ഷേമപദ്ധതികളെയും സേവനങ്ങളെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2018 മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഡിസംബര്‍ 31നകം ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നേരത്തെയുള്ള നിര്‍ദേശം. മൊബൈല്‍ കണക്ഷനുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയില്‍ മാറ്റമുണ്ടാകില്ലെന്നും ബാങ്ക് അക്കൌണ്ടുകളെ ബന്ധിപ്പിക്കുന്നതില്‍നിന്ന് നിലവില്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കു മാത്രമേ ഇളവ് നല്‍കൂവെന്നും വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മുമ്പാകെയാണ് നിലപാട് അറിയിച്ചത്. 2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ ഫോണുകളെ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ക്ഷേമപദ്ധതികളുടെയും മറ്റു സേവനങ്ങളുടെയും കാര്യത്തില്‍ മാര്‍ച്ച് 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്- വേണുഗോപാല്‍ അറിയിച്ചു. ആധാര്‍ ബന്ധിപ്പിക്കലിന്റെ നിയമസാധുത അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ കോടതി നേരത്തെ തീരുമാനിച്ചിരുന്നു. ബെഞ്ചിന്റെ കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമുണ്ടാകുമെന്ന സൂചന ജസ്റ്റിസ് ദീപക് മിശ്ര നല്‍കി.
 

Related News

കൂടുതൽ വാർത്തകൾ »