18 November Sunday

കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാൻ അനേകായിരങ്ങൾ ; മൃതദേഹം രാജാജി ഹാളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

ചെന്നൈ> ഡിഎംകെ അധ്യക്ഷനും ദ്രാവിഡ രാഷ്‌ട്രീയത്തിലെ അതികായകനുമായ  കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാൻ   അനേകായിരങ്ങളാണ്‌ രാജാജി ഹാളിനുമുന്നിൽ തടിച്ചുകൂടിയിട്ടുള്ളത്‌. കരുണാനിധി അന്തരിച്ച കാവേരി ആശുപത്രിക്കുമുന്നിൽ കാവൽനിന്നിരുന്ന അണികൾ അദ്ദേഹത്തെ ഒരുനോക്കുകാണാനായി ഇന്നലെരാത്രിമുതൽ  രാജാജി ഹാളിലേക്കൊഴുകുകയാണ്‌. മകൾ കനിമൊഴിയുടെ വസതിയിൽനിന്നു കലൈജ്ഞരുടെ ഭൗതികദേഹം പുലർച്ചെ അഞ്ചോടെയാണ്‌ രാജാജിഹാളിന്‌ മുന്നിലെത്തിച്ചത്‌. അതിനുമുന്നേ ഹാളിനുമുന്നിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു.

അതേസമയം സംസ്‌കാര സ്‌ഥലത്തെ കുറിച്ച്‌ ഇപ്പോഴും  ധാരണയായിട്ടില്ല. മറീന ബീച്ചിൽ അന്ത്യവിശ്രമത്തിന്‌ സ്‌ഥലം അനുവദിക്കാനാവില്ലെന്ന സർക്കാർ നിലപാടിനെതിരെ ഡിഎംകെ നൽകിയ ഹർജിയിൽ മദ്രാസ്‌ ഹൈക്കോടതിയിൽ വാദം തുടരുകയാണ്‌. കേസിൽ തമിഴ് നാട് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ജി.രമേശ്, ജസ്റ്റിസ് എസ്.എസ്.സുന്ദരം എന്നിവരുൾപ്പെട്ട ബെഞ്ചാണു വാദം കേൾക്കുന്നത്.

ഏറെക്കാലം തമിഴ‌്നാട‌് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ സംഭാവനകൾ പരിഗണിച്ച‌് സംസ‌്കാരച്ചടങ്ങുകൾക്ക‌് മറീന ബീച്ചിൽ സി എൻ അണ്ണാദുരൈയുടെ സമാധിക്കടുത്തായി സ്ഥലം അനുവദിക്കണമെന്ന‌് ഡിഎംകെ വർക്കിങ‌് പ്രസിഡന്റ‌ും മകനുമായ എം കെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട‌് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമക്കുരുക്കുകൾ ഉണ്ടെന്നാണു തെളിവുകൾ സഹിതം അണ്ണാ ഡിഎംകെ സർക്കാർ മറുവാദമുന്നയിക്കുന്നത്. പകരമായി ഗാന്ധിമണ്ഡപത്തിന‌് സമീപം രണ്ട‌് ഏക്കറാണ‌് അനുവദിച്ചത‌്. രാജാജി, കാമരാജ‌് സമാധികളുടെ അടുത്തായാണ‌് ഇത‌്.

മുഖ്യമന്ത്രി പിണറായി വിജയൻ കരുണാനിധിക്ക്‌ അന്ത്യാഞ്‌ജലി അർപ്പിക്കും. കരുണാനിധിക്ക്‌ അന്ത്യാഞ്‌ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തും.കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അന്ത്യാഞ്ജലി അർപ്പിക്കും.  നടമാരായ  രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ടി.ടി.വി.ദിനകരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top