'സഹായക് 'മാര്‍ക്ക് അടിമപ്പണി

ന്യൂഡല്‍ഹി > മേലുദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ പരാതിയുമായി മറ്റൊരു സൈനികന്‍ കൂടി. 'സഹായക്' സമ്പ്രദായത്തെ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പറയുന്ന വീഡിയോ സൈന്ധവ് ജോഗിദാസ് ലഖുബഹിയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. 'സഹായക്'മാരെ അടിമകളായാണ് കാണുന്നത്. എതിരെ ശബ്ദിച്ചാല്‍ ശിക്ഷിക്കപ്പെടും-ജോഗിദാസ് പറഞ്ഞു.
"ഇക്കാര്യം പൊതുജനമധ്യത്തില്‍ എത്തിക്കണമെന്ന് ആഗ്രഹിച്ചതല്ല. പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രതിരോധമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കി. 2016 ജനുവരി 21നാണ് പിഎംഒയില്‍ പരാതി നല്‍കിയത്്. അച്ചടക്കനടപടിയായിരുന്നു ഇതിന്റെ ഫലം. സൈനിക കോടതിയില്‍ രണ്ടു തവണ വിചാരണ ചെയ്യപ്പെട്ടു. ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായി. ഒരു വര്‍ഷത്തോളം മിണ്ടിയില്ല. ജനുവരി 18നു പ്രതിരോധ ആസ്ഥാനത്ത് പോയെങ്കിലും പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് കരസേനാ മേധാവിക്ക് പരാതി അയച്ചു. ഇതുവരെ മറുപടി കിട്ടിയിട്ടില്ല''-സൈനികന്‍ പറഞ്ഞു.
ആരോപണങ്ങള്‍ സൈനിക വക്താവ് നിഷേധിച്ചു. കരസേനയുടെ മെഡിക്കല്‍ കോറില്‍ ഹൌസ് കീപ്പറാണ് ജോഗിദാസ് എന്നും കൃത്യനിര്‍വഹണത്തിലെ വീഴ്ചകള്‍ക്ക് ഇയാളെ ശിക്ഷിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു. പരാതി അന്വേഷിക്കും. ജോഗിദാസിനെ ഒരു ഘട്ടത്തിലും മേലുദ്യോഗസ്ഥരുടെ 'ബഡ്ഡി' ആയി നിയോഗിച്ചിട്ടില്ല- വക്താവ് പറഞ്ഞു.
ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമാണ് സൈന്യത്തിലെ സഹായക് സമ്പ്രദായം. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്കും മറ്റും സൈനികരെ നിയോഗിക്കുന്നു. യുദ്ധകാലത്ത് 'ബഡ്ഡി' ആയി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന ന്യായം പറഞ്ഞാണിത്. മേലുദ്യോഗസ്ഥരുടെ വീട്ടുജോലിക്കും നായയെ നടത്താനും ഭാര്യമാരെ ഷോപ്പിങ്ങിന് കൊണ്ടുപോകാനും സൈനികരെ നിയോഗിക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം നാസിക്കില്‍ സമാന പരാതി ഉന്നയിച്ച മലയാളി സൈനികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കൊല്ലം സ്വദേശി റോയി മാത്യു (33) ഉള്‍പ്പെടെയുള്ള നാല് സൈനികര്‍ ഓണ്‍ലൈന്‍ മാധ്യമം വഴിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പിന്നാലെയാണ് സേനാ കേന്ദ്രത്തിനടുത്ത് റോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ കരസേന അധികൃതര്‍ അവഗണിച്ചു.
ഡെറാഡൂണ്‍ ആസ്ഥാനമായ 42-ാം ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞപ്രതാപ്സിങ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുന്നെന്ന പരാതിയുടെ വീഡിയോ ജനുവരിയില്‍ പുറത്തുവിട്ടു. 'സഹായക്' ആയി നിയോഗിക്കപ്പെടുന്ന സൈനികര്‍ക്ക് മേലുദ്യോഗസ്ഥരുടെ ഷൂ പോളിഷ് ഉള്‍പ്പെടെയുള്ള ചെയ്യേണ്ടതായി കാണിച്ച് സിങ് ഒരു വര്‍ഷംമുമ്പ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുംപ്രതിരോധമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു. ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മറുപടിയും ലഭിച്ചു. അന്വേഷണത്തിനു പകരം പീഡനമാണ് നേരിടേണ്ടിവരുന്നതെന്ന് സിങ് വെളിപ്പെടുത്തി.
കശ്മീര്‍ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ടിരുന്ന തേജ് ബഹാദൂര്‍ യാദവ് എന്ന ബിഎസ്എഫ് ജവാന്‍ മോശം ഭക്ഷണം ലഭിക്കുന്നതിനെ കുറിച്ചും രണ്ടു മാസം മുമ്പ് പരാതി ഉന്നയിച്ചിരുന്നു. അതേസമയം, യാദവ് മദ്യപാനിയാണെന്ന് ആരോപിച്ച് സ്വഭാവഹത്യ നടത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.










0 comments