ad
Deshabhimani

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി തന്ത്രങ്ങള്‍ പാളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 07, 2017, 07:28 PM | 0 min read


ന്യൂഡല്‍ഹി > ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസില്‍നിന്ന്  എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മറ്റുംഒഴിവാക്കാനാകില്ലെന്ന സുപ്രീംകോടതി നിലപാട് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. രാഷ്ട്രപതിസ്ഥാനത്തേക്ക് കേന്ദ്രവും ബിജെപിയും പരിഗണിക്കുന്നവരില്‍ പ്രമുഖരാണ് അദ്വാനിയും ജോഷിയും. മാര്‍ച്ച് 22ന് കോടതി വിശദവാദം കേള്‍ക്കും.  പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചാല്‍ ഇവരെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കാനാവില്ല.

ബാബ്റി കേസില്‍ നിയമനടപടി വേഗത്തിലാക്കണമെന്ന സുപ്രീംകോടതി നിരീക്ഷണവും ബിജെപിക്ക് തിരിച്ചടിയാകും. സര്‍ക്കാരില്‍ അദ്വാനിക്കും ജോഷിക്കും സ്ഥാനങ്ങള്‍ നിഷേധിച്ചപ്പോള്‍ രാഷ്ട്രപതിപദവിയാണ് ചൂണ്ടിക്കാട്ടിയത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പദവി നല്‍കാത്തതില്‍ പ്രവര്‍ത്തകര്‍ക്കുള്ള അമര്‍ഷം തീര്‍ക്കാന്‍ ഒരാളെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാമെന്നാണ് നേതൃത്വം കരുതിയത്. ആര്‍എസ്എസിന് ജോഷിയുടെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഇലക്ടറല്‍ കോളേജില്‍ ഇപ്പോള്‍ എന്‍ഡിഎക്ക് 60,000ല്‍പരം വോട്ടിന്റെ കുറവുണ്ട്. പ്രാദേശിക കക്ഷികളുടെ സഹായമാണ് ബിജെപിയുടെ കണ്ണ്. യുപി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും സ്ഥിതി കൂടുതല്‍ പരുങ്ങലിലാകും.

ബാബ്റി മസ്ജിദിന്റെ തകര്‍ച്ച അദ്വാനിയെ ബാധിക്കുന്നത് ആദ്യമല്ല. 1990ല്‍ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയ്ക്കൊടുവിലാണ് 1992 ഡിസംബര്‍ ആറിന് പള്ളി പൊളിച്ചത്. പിന്നീട് 1998ലും 99ലും എന്‍ഡിഎയുടെ പ്രധാനമന്ത്രിയായി അദ്വാനിയെ അംഗീകരിക്കാന്‍ ഘടകകക്ഷികള്‍ തയ്യാറായില്ല. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ വാജ്പേയി പ്രധാനമന്ത്രിയായി വന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home