Top
18
Saturday, November 2017
About UsE-Paper

നരേന്ദ്ര മോഡിയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കിയത് ഇപ്പോള്‍ കള്ളപ്പണ ക്കടത്തില്‍ കുടുങ്ങിയ കമ്പനി

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > പാരഡൈസ് പേപ്പര്‍ വെളിപ്പെടുത്തലില്‍ കുടുങ്ങിയത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു വേണ്ടി സാമ്പത്തിക സഹായം നല്‍കിയ കമ്പനിയും. മോഡിയെ അധികാരത്തിലെത്തിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ ഒമിദ്‌യാര്‍ നെറ്റ്‌വര്‍ക്കാണ് നികുതിവെട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി, ഇപ്പോള്‍ വെട്ടിപ്പ് പട്ടികയില്‍ പേരുവന്ന കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തിലാണ്  ഫണ്ടിംഗ് നടത്തിയത്.

ജയന്ത് സിന്‍ഹ 2014ല്‍ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ്, ഒമിദ്‌യാര്‍ നെറ്റ്‌വര്‍ക്ക് എന്ന കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായിരുന്നു. ഒമിദ്‌യാറിന് അമേരിക്കന്‍ കമ്പനി ഡിലൈറ്റ് ഡിസൈനില്‍ നിക്ഷേപമുണ്ട്. ആപ്പിള്‍ബൈ രേഖകള്‍പ്രകാരം ജയന്ത് സിന്‍ഹ ഡിലൈറ്റ് ഡിസൈനില്‍ ഡയറക്ടറാണ്. ഒമിദ്‌യാറും ഡിലൈറ്റുംതമ്മില്‍ വന്‍തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സമയത്ത് സിന്‍ഹ ഡിലൈറ്റില്‍ ഡയറക്ടറായിരുന്നു. 2009 മുതല്‍ ഒമ്ദിയാര്‍ നെറ്റ്‌വര്‍ക്കിന് ഇന്ത്യയില്‍ നിക്ഷേപമുണ്ട്.

2013 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് ക്യാംപയിന്റെ ഭാഗമായി സിന്‍ഹ ഒമിദ്‌യാറിന്റെ ചുമതലകളില്‍ നിന്നും ഒഴിഞ്ഞു. മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് സിന്‍ഹയായിരുന്നു. ഈ കാലയളവിലാണ് ഒമ്ദിയാര്‍ മോഡിയെ വിജയിപ്പിക്കാനായി പണമൊഴുക്കിയത്.

നരേന്ദ്രമോഡി അധികാരമേറ്റതിനു പിന്നാലെ തന്നെ അദ്ദേഹം ഇ വ്യവസായ മാര്‍ക്കറ്റ് ഇന്ത്യയില്‍ തുടങ്ങാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ഇ ബെയ് പോലുള്ള സ്ഥാപനങ്ങളുമായി വ്യാവസായിക ബന്ധം സ്ഥാപിക്കണമെന്നും മോഡി പറഞ്ഞു. ഇ വ്യവസായ രംഗത്തെ കുത്തക ഭീമനായ ഇ ബെയ്‌യുടെ ഉടമ ഒമിദ്‌യാറാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം മോഡിയുടെ പ്രചരണത്തിനു നേതൃത്വം നല്‍കിയ ജയന്ത് സിന്‍ഹയെ പ്രകീര്‍ത്തിച്ച് ഒമിദ്‌യാര്‍ നെറ്റ്‌വര്‍ക്ക് ട്വീറ്റ് ചെയ്തിരുന്നു.

ജയന്ത് സിന്‍ഹയുടെ കാലത്ത് 2010ല്‍ അഴിമതിക്കെതിരെ ക്യാംപയിന്‍ നടത്തുന്നതിനായി 'ജനാഗ്രഹ' എന്ന സംഘടനയ്ക്ക് ഒമിദ്‌യാര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. കൃത്യമായ പദ്ധതികളോടെയാണ് ജനാഗ്രഹ ദേശീയ തലത്തില്‍ ക്യാംപയിന്‍ ഏറ്റെടുത്തത്. ഭരണത്തിലിരുന്ന യുപിഎ സര്‍ക്കാരിനെതിരെ വികാരം സൃഷ്ടിക്കുവാനും തുടര്‍ന്ന് നരേന്ദ്രമോഡിയെ ഭരണത്തിലെത്തിക്കുകയുമായിരുന്നു ഒമിദ്‌യാര്‍ ലക്ഷ്യമിട്ടത്.

2014ല്‍ ഒമിദ്‌യാറിന്റെ ഫണ്ടിംഗിനെ സംബന്ധിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വികസ്വര രാജ്യങ്ങളില്‍ ''ജനാധിപത്യ പുനഃസ്ഥാപന''ത്തിനായുള്ള അമേരിക്കയുടെ വിദേശനയ പദ്ധതികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ക്ക് ഫണ്ടിംഗ് നല്‍കുന്നതില്‍ ഒമിദ്യാര്‍ നെറ്റ്‌വര്‍ക്ക് മുന്‍പേ കുപ്രസിദ്ധമാണ്.

നോട്ടുനിരോധനംവഴി രാജ്യത്തെ കള്ളപ്പണം മുഴുവന്‍ ഇല്ലാതാക്കിയെന്ന മോഡി സര്‍ക്കാരിന്റെ അവകാശവാദം പൊളിക്കുന്നതാണ് 'പാരഡൈസ് പേപ്പര്‍' വെളിപ്പെടുത്തല്‍. ബര്‍മുഡയിലെ ആപ്പിള്‍ബൈ, സിംഗപ്പൂരിലെ ഏഷ്യാസിറ്റി, വിവിധ രാജ്യങ്ങളിലെ മറ്റ് 19 കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി കള്ളപ്പണം നിക്ഷേപിച്ചതിന്റെ 1.34 കോടി രേഖകളാണ് പുറത്തുവന്നത്. ഈ കള്ളപ്പണം മൌറീഷ്യസ് വഴിയും മറ്റും ഇന്ത്യയിലേക്ക് വെള്ളപ്പണമായി തിരിച്ചുവരുന്നു. ആപ്പിള്‍ബൈ രേഖകളില്‍ത്തന്നെ 714 ഇന്ത്യക്കാരുടെ പേരുണ്ട്. രാജ്യാന്തര പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെയാണ് ജര്‍മന്‍ പത്രമായ 'സൂദ്‌ഡോയിച്ച സൈറ്റങ്' ലൂടെ കള്ളപ്പണനിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.


 

Related News

കൂടുതൽ വാർത്തകൾ »