Top
17
Tuesday, October 2017
About UsE-Paper

സൈനികകോപ്റ്റര്‍ തകര്‍ന്ന് 7 മരണം

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

തവാങ് > അരുണാചല്‍പ്രദേശില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് വിങ് കമാണ്ടറും സ്ക്വാഡ്രണ്‍ ലീഡറുമടക്കം ഏഴുപേര്‍ മരിച്ചു. തവാങ്ങില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ യാങ്ചിയില്‍ ചൈനീസ് അതിര്‍ത്തിക്ക് സമീപം വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. വ്യോമസേനയുടെ എംഐ-17 വി-5 കോപ്റ്ററാണ് തകര്‍ന്നത്. തവാങ് മലനിരകളിലെ സൈനികപോസ്റ്റുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുമ്പോഴാണ് അപകടം. 17,000 അടി ഉയരത്തിലായിരുന്നു കോപ്റ്റര്‍ പറന്നിരുന്നത്.
വിങ് കമാണ്ടര്‍ വിക്രം ഉപാധ്യായ, സ്ക്വാഡ്രണ്‍ ലീഡര്‍ എസ് തിവാരി, മാസ്റ്റര്‍ വാറണ്ട് ഓഫീസര്‍ എ കെ സിങ്, സര്‍ജന്റുമാരായ ഗൌതം, സതീഷ്കുമാര്‍, ശിപായിമാരായ ഇ ബാലാജി, എച്ച് എന്‍ ഡേക എന്നിവരാണ് മരിച്ചത്. അപകടമേഖലയില്‍ നടത്തിയ തെരച്ചിലില്‍ എല്ലാവരുടേയും മൃതദേഹം കണ്ടെത്തി.

ഹെലികോപ്റ്റര്‍ തകരാനിടയായ സാഹചര്യത്തെക്കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. മുതിര്‍ന്ന പൈലറ്റുമാരാണ് കോപ്റ്റര്‍ നിയന്ത്രിച്ചിരുന്നതെന്ന് വ്യോമസേനാവൃത്തങ്ങള്‍ പറഞ്ഞു. തവാങ്ങിലെ ഖിര്‍മു ഹെലിപാഡില്‍ നിന്നാണ് കോപ്റ്റര്‍ പറന്നുയര്‍ന്നത്. 

റഷ്യന്‍നിര്‍മിത എംഐ-17 വി5 ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമസേനയുടെ മുഖ്യഘടകമാണ്. ഇത്തരത്തിലുള്ള 150 കോപ്റ്ററാണ് സേനയ്ക്കുള്ളത്. വ്യോമസേനാദിനാഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് അപകടം.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!