Top
19
Thursday, October 2017
About UsE-Paper

കര്‍ണാടകത്തില്‍ വാഹനാപകടം; 4 മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

പത്തനംതിട്ട/കൊച്ചി/ മംഗളൂരു > ബംഗളൂരുവിനടുത്ത രാമനഗരത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് മരുതിക്കുന്നില്‍ ജേക്കബ് എം തോമസിന്റെ മകന്‍ ജോയല്‍ ജേക്കബ് (21), പത്തനംതിട്ട വെട്ടിപ്രം പൊയ്കയില്‍ സുദീപിന്റെ മകന്‍ നിഖിത്ത് ജോബ് സുദീപ് (21), പെരുമ്പാവൂര്‍ അല്ലപ്ര മുതിരക്കാലായില്‍ എല്‍ദോ എം ജോസഫിന്റെ മകള്‍ ജീന എല്‍ദോ (21), റെബേക്ക (21)എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ബംഗളൂരു-മൈസൂരു ദേശീയപാതയില്‍ രാമനഗരത്തിന് സമീപം കെമ്പഹള്ളിയിലായിരുന്നു അപകടം. 

ദുബായില്‍നിന്ന് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സുഹൃത്തുക്കളെയും കൂട്ടി ജോയല്‍ ജേക്കബ് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നാലുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
നന്തിപ്പുര രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ജോയല്‍. നാലുപേരും ഒരുമിച്ച് ദുബായിലെ സ്കൂളിലാണ് പഠിച്ചത്. ഏറെക്കാലത്തിന് ശേഷമുള്ള ഒത്തുചേരലിനായാണ് ഇവര്‍ ബംഗളൂരുവില്‍ എത്തിയതെന്നാണ് അറിയുന്നത്.

ജോയല്‍ ജേക്കബിന്റെ മാതാപിതാക്കള്‍ക്ക് ഫുജൈറയിലാണ് ജോലി. അമ്മ സോളി ആനിക്കാട് പുന്നവേലില്‍ പ്രമാടക്കുഴിയില്‍ കുടുംബാംഗമാണ്. സഹോദരി: ഷെറിന്‍ (ദുബായ്). സഹോദരിയുടെ വിവാഹത്തിനായി ആഗസ്റ്റ് 16ന് ജോയല്‍ നാട്ടിലെത്തിയിരുന്നു. സംസ്കാരം പിന്നീട്.

നിഖിത്തിന്റെ അമ്മ ജെസി സുദീപ്. സഹോദരി നിഖിത. നിഖിത്ത് തൃക്കാക്കര ഭാരത്മാതാ കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് 4.30ന് പാലാരിവട്ടം ഷാരോണ്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. ദുബായിലായിരുന്ന അച്ഛന്‍ നാട്ടിലെത്തി.

ജീനയുടെ സംസ്കാരം ശനിയാഴ്ച പകല്‍ മൂന്നിന് അല്ലപ്ര തുരുത്തിപ്പള്ളി സെന്റ് മേരീസ് യാക്കോബായ വലിയ പള്ളി സെമിത്തേരിയില്‍. അമ്മ: ജൂണോ. സഹോദരങ്ങള്‍: ജീവ (കനഡ), ജിനി (ലണ്ടന്‍). വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ബിബിഎ പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു ജീന. വിദേശത്തായിരുന്ന അച്ഛന്‍ നാട്ടിലെത്തി.
മരിച്ച റെബേക്കയുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »