23 September Sunday

വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

സ്വന്തം ലേഖകൻUpdated: Tuesday Aug 7, 2018

ന്യൂഡൽഹി > കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികളായ വൈദികർ സമർപ്പിച്ച മുൻകൂർജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിലെ ഒന്നും നാലും പ്രതികളായ ഫാ. എബ്രഹാം വർഗീസ് (സോണി), ഫാ. ജെയ്സ് കെ ജോർജ് എന്നിവർ സമർപ്പിച്ച മുൻകൂർജാമ്യാപേക്ഷകൾ ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് തള്ളിയത്. വൈദികർ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ കീഴടങ്ങണമെന്നും അപ്പോൾ ജാമ്യാപേക്ഷ നൽകാവുന്നതാണെന്നും കോടതി നിർദേശിച്ചു. 13ന് വൈദികർ ഹാജരാകുമെന്ന് അഭിഭാഷകർ അറിയിച്ചു.

മുൻകൂർജാമ്യാപേക്ഷകളിൽ രഹസ്യവാദംകേട്ട കോടതി അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനസർക്കാരിനോട് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മുൻകൂർജാമ്യം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുൻകൂർജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാനസർക്കാർ ശക്തമായി എതിർത്തു. പ്രതികളുടെ മൊബൈൽഫോണുകൾ ഉൾപ്പടെ പിടിച്ചെടുക്കാനുണ്ടെന്നും ശാസ്ത്രീയ പരിശോധനകൾ നടത്താനുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഒളിവിലുള്ള ഫാ. എബ്രഹാംവർഗീസ് പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചതും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേസിൽ കക്ഷിചേരാൻ  ആവശ്യപ്പെട്ട് പീഡനത്തിനിരയായ വീട്ടമ്മ കോടതിയെ സമീപിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top