26 September Wednesday

ജമ്മു കശ്മീര്‍ ജനതയുടെ പ്രത്യേക അവകാശം: ഹര്‍ജികള്‍ പരി​ഗണിക്കുന്നത് 27ലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

ന്യൂഡൽഹി > ജമ്മുകശ്മീരിലെ ജനങ്ങൾക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയുടെ 35എ അനുച്ഛേദത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹർജികൾ ഭരണഘടനാബെഞ്ചിന് വിടണോയെന്ന വിഷയം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഹർ‍ജികൾ പരി​ഗണിക്കുന്നത് ഈമാസം 27ലേക്ക് മാറ്റി. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരിക്കും ഇനി ഹർജികൾ പരി​ഗണിക്കുക.

പഞ്ചായത്ത്, മുൻസിപ്പൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത‌് ഹർജി പരിഗണിക്കുന്നത് മാറ്റിവക്കണമെന്ന് ജമ്മുകശ്മീർ സർക്കാർ കോടതിയോട് അഭ്യർഥിച്ചിരുന്നു. ചീഫ്ജസ്റ്റിസും മുതിർന്ന ജഡ്ജിമാരും ഭരണഘടനാബെഞ്ചിന്റെ ഭാഗമായി നിരവധി കേസുകൾ പരിഗണിക്കുന്ന തിരക്കിലാണെന്നതും കേസ് മാറ്റിവയ‌്ക്കാൻ കാരണമായി.

ഭരണഘടനയിൽ 35എ അനുച്ഛേദം ഉൾപ്പെടുത്തി 60 വർഷത്തിന് ശേഷം 2014ലാണ് ഹർജിക്കാർ നിയമസാധുത ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിട്ടുള്ളതെന്ന് ചീഫ്ജസ്റ്റിസ് ദീപക്മിശ്ര ചൂണ്ടിക്കാട്ടി. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം ചീഫ്ജസ്റ്റിസ് അംഗീകരിച്ചില്ല. ഇന്നോ ഇന്നലെയോ അല്ല 35എ അനുച്ഛേദം ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു.

35എ അനുച്ഛേദം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണോയെന്ന വിഷയം ഭരണഘടനാബെഞ്ച് പരിഗണിക്കേണ്ടതുണ്ടോയെന്ന വിഷയമാണ് മൂന്നംഗ ബെഞ്ച് പരിഗണിക്കുകയെന്നും ചീഫ്ജസ്റ്റിസ് അറിയിച്ചു. 1954ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് 35എ അനുച്ഛേദം ഭരണഘടനയിൽ ഉൾപ്പെടുത്തിയത്.

അതേസമയം, 35എ അനുച്ഛേദം നീക്കം ചെയ്യണമെന്ന ആവശ്യം ഫെഡറൽതത്വങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കുൽഗാം എംഎൽഎയുമായ മുഹമദ് യൂസഫ് തരിഗാമി  ഇടപെടൽ ഹർജി നൽകിയിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top