20 November Tuesday

മന്ദ്‌‌സോറില്‍ കര്‍ഷക രക്തസാക്ഷിത്വത്തിന് ഒരാണ്ട്; സന്ധിയില്ലാ പ്രക്ഷോഭത്തിന് ആഹ്വാനം

സ്വന്തം ലേഖകൻUpdated: Thursday Jun 7, 2018

കിസാന്‍സഭയുടെ പ്രതിഷേധ പ്രകടനം

ന്യൂഡൽഹി > മധ്യപ്രദേശിലെ മന്ദ്‌‌സോറിലെ കർഷകരുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാർഷികത്തിൽ നരേന്ദ്ര മോഡി സർക്കാരിനെതിരായ സന്ധിയില്ലാത്ത പ്രക്ഷോഭത്തിന് ആഹ്വാനം. വിളകൾക്ക് ന്യായവില ആവശ്യപ്പെട്ട് സമരം ചെയ്ത കർഷകർക്കുനേരെയുണ്ടായ പൊലീസ് വെടിവയ‌്പിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്.

വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡി സർക്കാരിന്റെ കോർപറേറ്റ് ഭരണം രാജ്യത്തെ കർഷകരും തൊഴിലാളികളും ചേർന്ന് അവസാനിപ്പിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌‌‌ണപ്രസാദ് പറഞ്ഞു. കർഷകരുടെ ജീവത്യാഗം വിഫലമാകില്ലെന്നും രാജ്യവ്യാപകമായ കർഷക പ്രക്ഷോഭങ്ങൾക്ക് അത് എണ്ണപകരുമെന്നും അദ്ദേഹം പറഞ്ഞു. മന്ദ്‌‌സോർ ജില്ലയിലെ ചില്ലോദ് പിപ്ലിയ ഗ്രാമത്തിൽ കൊല്ലപ്പെട്ട കനയ്യ ലാൽ പട്ടീലിന്റെ സ്മാരകത്തിൽ നടന്ന സത്യഗ്രഹസമരത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണപ്രസാദ്. അഖിലേന്ത്യാ കിസാൻ കോ‐ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹത്തിൽ സമൂഹത്തിലെ നാനാതുറയിൽനിന്നുള്ളവർ പങ്കെടുത്തു.

ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവുംകൂടി ചേർത്ത് വിളകൾക്ക് താങ്ങുവില നൽകുമെന്നാണ‌് തെരഞ്ഞെടുപ്പിനു മുമ്പ് മോഡി പ്രഖ്യാപിച്ചത്്. എന്നാൽ, അധികാരത്തിലെത്തിയ ശേഷം കാർഷിക മേഖലയും ചെറുകിട വ്യാപാരമേഖലയും 100 ശതമാനം വിദേശനിക്ഷേപത്തിന് തുറന്നുകൊടുക്കുകയാണ് മോഡി ചെയ്തതെന്ന്‌ കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയെ പ്രസിഡന്റ് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തു.

പ്രധാന വാർത്തകൾ
Top