21 September Friday

ഭരണഘടന അപകടാവസ്ഥയിൽ: ഗോവ ആർച്ച‌്ബിഷപ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

പനാജി > ഇന്ത്യൻ ഭരണഘടന അപകടത്തിലാണെന്ന‌് ഗോവ ആർച്ച് ബിഷപ‌് ഫിലിപ് നെറി ഫെറാവോ. ഭൂരിഭാഗം ജനങ്ങൾക്കും സുരക്ഷിതത്വമില്ല. 2019ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഭരണഘടന സംരക്ഷിക്കാൻ ജനങ്ങൾ തയ്യാറാകണം.

രാജ്യത്ത് ഏക സംസ്കാര രൂപീകരണ ശ്രമങ്ങൾ  ഉടലെടുക്കുന്നത് അടുത്തിടെ നാം കണ്ടു. നമ്മൾ എന്തുകഴിക്കണം, വസ‌്ത്രം ധരിക്കണം, ജീവിക്കണം, ആരാധിക്കണം എന്നതിലൊക്കെ ചിലർ ഇടപെടുന്നു. ഏകരൂപംകൊണ്ടുവരാനാണ‌് ശ്രമം. മനുഷ്യാവകാശങ്ങൾ ആക്രമിക്കപ്പെടുന്നു. ജനാധിപത്യം അപകടാവസ്ഥയിലാണ‌്. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ക്രിയാത്മക ഇടപെടൽ നടത്താൻ വിശ്വാസി സമൂഹത്തിന‌് കഴിയണമെന്നും ആർച്ച് ബിഷപ‌്  ഇടയലേഖനത്തിൽ പറഞ്ഞു. 

അനീതികൾക്കും അഴിമതിക്കുമെതിരായ പോരാട്ടങ്ങൾക്ക‌് പ്രാധാന്യം നൽകണം. മതേതരത്വം, ആവിഷ‌്കാര‐ അഭിപ്രായ സ്വാതന്ത്ര്യം, ഒരുമതത്തിൽ വിശ്വസിക്കാനുള്ള അവകാശം എന്നിവ സംരക്ഷിക്കപ്പെടണം. കുട്ടികൾക്ക‌് എതിരായ ലൈംഗികാതിക്രമങ്ങളിൽ ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഡൽഹി ആർച്ച് ബിഷപ‌് അനിൽകൗട്ടോ സമകാലിക രാഷ്ട്രീയസാഹചര്യത്തെ വിമർശിച്ച‌് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ‌് കേന്ദ്രസർക്കാരിനെതിരെ പരോക്ഷവിമർശവുമായി ഗോവ ആർച്ച് ബിഷപ്പും ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top