26 September Wednesday

ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ കുമ്മനം; ബിജെപി ‐ ആര്‍എസ്എസ് നേര്‍ക്കുനേര്‍

സ്വന്തം ലേഖകൻUpdated: Tuesday Jun 5, 2018

ന്യൂഡൽഹി > ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന‌് നീക്കി മിസോറം ഗവർണറായി നാടുകടത്തിയ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിനെതിരായി കുമ്മനം രാജശേഖരന്റെ നിശ്ശബ്ദപ്രതിഷേധം തുടരുന്നു.  ​ഗവർണർ സ്ഥാനത്തോട് അതൃപ്‌തിയുണ്ടെങ്കിൽ അല്പകാലം തുടർന്നശേഷം രാജിവച്ചോളാനാണ് കേന്ദ്രനേതൃത്വം കുമ്മനത്തോട് നിർദേശിച്ചത്. താൻ വഞ്ചിക്കപ്പെട്ടെന്ന നിലപാടിലാണ് കുമ്മനം. ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.

കുമ്മനത്തെ അധ്യക്ഷസ്ഥാനത്തുനിന്ന‌് ഏകപക്ഷീയമായി മാറ്റിയതിൽ സംസ്ഥാനത്തെ ആർഎസ്എസ് ഘടകത്തിനും കടുത്ത അതൃപ്തിയുണ്ട്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെയടക്കം സംസ്ഥാന ഘടകം ഇക്കാര്യം അറിയിച്ചു. വി മുരളീധരൻ പക്ഷത്തിന്റെ കരുനീക്കങ്ങളാണ് കുമ്മനത്തിന്റെ അപ്രതീക്ഷിത പുറത്താക്കലിന് വഴിവച്ചത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട‌് കുറയുന്നതിന് ഈ നടപടി വഴിയൊരുക്കിയതായി ആർഎസ്എസും ബിജെപിയിൽ ഒരു വിഭാഗവും വിശ്വസിക്കുന്നു. യുദ്ധത്തിനു തൊട്ടുമുമ്പായി തലവനെ നഷ്ടപ്പെട്ട നിലയിലായി പോയി ബിജെപിയെന്ന് ഒരു ദേശീയ മാധ്യമത്തിൽ സംഘപരിവാർ അനുകൂല മാധ്യമ പ്രവർത്തകന്റേതായി ലേഖനവും വന്നു. കുമ്മനത്തെ നീക്കിയതോടെ കേരളത്തിൽ ആർഎസ്എസും ബിജെപിയുമായുള്ള ബന്ധം വഷളായതായും ലേഖനം ചൂണ്ടിക്കാട്ടി.

ബിജെപിയിലെ ഗ്രൂപ്പുപോര് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കുമ്മനത്തിന്റെ വരവെങ്കിലും തമ്മിലടി കൂടുതൽ രൂക്ഷമായി. കേന്ദ്ര നേതൃത്വത്തിൽ സാവകാശം സ്വാധീനമുറപ്പിച്ച മുരളീധരപക്ഷം കുമ്മനത്തിനെതിരായ നീക്കങ്ങളിൽ നവിജയം കാണുകയായിരുന്നു.

അമിത് ഷായെ സ്വാധീനിച്ച് രാജ്യസഭാംഗത്വം നേടിയെടുത്ത മുരളീധരൻ സംസ്ഥാന അധ്യക്ഷപദവിയിൽ കെ സുരേന്ദ്രനെ പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്. സുരേന്ദ്രന് വെല്ലുവിളിയായി എം ടി രമേശ് അടക്കമുള്ളവർ രംഗത്തുണ്ട്. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർഎസ്എസ് നേതാവ് ജെ നന്ദകുമാർ, എ ജയശങ്കർ, ആർ ബാലശങ്കർ തുടങ്ങിയ പേരുകളും സജീവമാണ്. സുരേന്ദ്രനെ നിയമിക്കരുതെന്ന് കൃഷ്ണദാസ് പക്ഷം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top