16 November Friday

കന്നുകാലി കച്ചവടക്കാരനെ സംഘപരിവാർ കൊന്ന‌് കാട്ടിൽ തള്ളി

അനീഷ‌് ബാലൻUpdated: Tuesday Jun 5, 2018

മംഗളൂരു > ഉഡുപ്പിയിൽ കന്നുകാലി  കച്ചവടക്കാരനെ പൊലീസിന്റെ സഹായത്തോടെ സംഘപരിവാറുകാർ  തല്ലിക്കൊന്ന് കാട്ടിൽ തള്ളിയതാണെന്ന് വെളിവാകുന്നു. കന്നുകാലികളെ കടത്തവെയാണ‌് മംഗളൂരു ജോക്കട്ടെ സ്വദേശി ഹുസൈനബ (61)യെ സംഘപരിവാറുകാരും പൊലീസും ചേർന്ന് ആക്രമിച്ച‌്   കൊലപ്പെടുത്തിയത‌്. 
മൂന്ന് പൊലീസുകാരും വിഎച്ച്പി നേതാവുൾപ്പെടെ ഏഴ് സംഘപരിവാറുകാരുമാണ‌്  ഇതുവരെ അറസ്റ്റിലായത്.  കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഉഡുപ്പി പെർദൂരിൽ  ഹുസൈനബയെ സംഘപരിവാറുകാർ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു.

ഹുസൈനബയെ സംഘപരിവാറുകാർ മർദിച്ച് പൊലീസിന് കൈമാറിയെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ വാനിൽ മരിച്ചതായും ഉഡുപ്പി എസ്പി ലക്ഷ്‌മൺ നിംബാർഗി തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ സമ്മതിച്ചു.
വാനിൽവച്ച‌് മരിച്ച ഹുസൈനബയുടെ മൃതദേഹം പൊലീസും സംഘപരിവാറുകാരും ചേർന്ന് കാട്ടിൽ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്ന‌് കരുതുന്നു. തുടർന്ന് രാവിലെ ഹുസൈനബ ഹൃദയാഘാതംമൂലം മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.

ഹുസൈനബയെ കൊണ്ടുപോയ പൊലീസ് വാനിലും സംഘപരിവാറുകാർ ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ ഹിരിയടുക്ക പൊലീസ് സബ് ഇൻസ്പെക്ടർ ഡി എൻ കുമാർ, പൊലീസ് ജീപ്പ് ഡ്രൈവർ ഗോപാൽ, ഹെഡ് കോൺസ്റ്റബിൾ മോഹൻ കൊട്വാൾ സംഘപരിവാറുകാരായ ചേതൻ ആചാര്യ (22) , ശൈലേഷ് ഷെട്ടി (20), ഗണേഷ് (24) എന്നിവർ അറസ്റ്റിലായി. നേരത്തെ ഉഡുപ്പിയിലെ വിഎച്ച്പി നേതാവ് സുരേഷ് മെൻഡൻ (സൂരി‐42), ബജ്രംഗ‌്ദളുകരായ പ്രസാദ് കൊണ്ടാടി (30), ഉമേഷ് ഷെട്ടി (28), രത്തൻ (22) എന്നിവർ പിടിയിലായിരുന്നു.

പൊലീസുകാർ ഒഴികെയുള്ളവർക്കെതിരെ  കൊലപാതകത്തിനാണ‌്  കേസെടുത്തത‌്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എസ്പി പറഞ്ഞു. പോസ്റ്റ്മോർട്ടം‐ ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്ന് എസ്‌‌പി പറഞ്ഞു. ഇവർ കടത്തിയ കന്നുകാലികൾ മോഷ്ടിച്ചവയല്ലെന്നും എസ്പി പറഞ്ഞു. മാധ്യമങ്ങൾ ശക്തമായി ഇടപ്പെട്ടതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞത്. 35 വർഷമായി കന്നുകാലി  കച്ചവടം  നടത്തുന്ന ഹുസൈനബയെ രണ്ട് വർഷം മുമ്പ് സംഘപരിവാറുകാർ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top