11 December Tuesday

പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സ്വന്തം ലേഖകൻUpdated: Monday Mar 5, 2018


കൊൽക്കത്ത > സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. നാലുദിവസത്തെ സമ്മേളനം എട്ടിന് സമാപിക്കും. കൊൽക്കത്ത പ്രമോദ് ദാസ്ഗുപ്ത ഭവനിലാണ് സമ്മേളനം. അന്തരിച്ച പിബി അംഗം മുഹമ്മദ് അമീന്റെ പേരിലാണ് സമ്മേളനനഗരി.

കൊൽക്കത്ത നഗരത്തിൽ പ്രധാനപ്പെട്ട കവലകളിലെല്ലാം ചെങ്കൊടി നിറഞ്ഞു. പോസ്റ്ററുകൾ, ചുവരെഴുത്ത്, ബാനറുകൾ, പ്ലക്കാർഡുകൾ എന്നിവ സമ്മേളനസന്ദേശം വിളിച്ചോതുന്നു. ഞായറാഴ്ച നഗരത്തിൽ മൂന്ന് വൻ വിളംബരറാലി അരങ്ങേറി. സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചയും കലാപരിപാടികളും പ്രദർശനവും അരങ്ങേറുന്നുണ്ട്.

തൃണമൂൽ ആക്രമണങ്ങളെ അതിജീവിച്ച് ബംഗാളിൽ സിപിഐ എം സംഘടനാപരമായി കരുത്താർജിക്കുകയാണെന്ന് 22 ജില്ലാ സമ്മേളനങ്ങൾ വിളിച്ചോതി. ഒക്ടോബർ മൂന്നാംവാരംമുതൽ ബ്രാഞ്ചുതലത്തിൽനിന്ന് ആരംഭിച്ച സമ്മേളനങ്ങൾ ഫെബ്രുവരി മൂന്നാംവാരത്തിൽ കിഴക്കൻ മെദിനിപുർ ജില്ലാ സമ്മേളനത്തോടെ പൂർത്തിയായി.


മുൻകാലങ്ങളിൽ ശക്തമായ ആക്രമണത്തെതുടർന്ന് സമ്മേളനങ്ങൾ നടത്താൻ കഴിയാതിരുന്നയിടങ്ങളിൽ ഇത്തവണ സമ്മേളനം നടത്തി. മിക്കയിടത്തും പാർടിഓഫീസുകളും സമ്മേളനത്തിനുമുന്നോടിയായി തുറന്നു. തൃണമൂലുകാർ കൈയടക്കിവച്ച നിരവധി ഓഫീസുകൾ സിപിഐ എം പ്രവർത്തകർ തിരിച്ചുപിടിച്ചു.

പ്രധാന വാർത്തകൾ
Top