18 November Sunday

മഹാറാലി: ഒരുക്കം അവസാനഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ന്യൂഡൽഹി > രാജ്യതലസ്ഥാനത്ത് തൊഴിലാളി‐കർഷക സംയുക്ത പ്രക്ഷോഭത്തിനുള്ള ഒരുക്കം പൂർത്തിയാകുന്നു. നരേന്ദ്ര മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭ, സിഐടിയു, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി. രാംലീല മൈതാനത്തുനിന്ന് ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രധാന റാലി തുടങ്ങും. പ്രധാന റാലിയും എട്ട് ഉപ റാലിയും പാർലമെന്റ് സ്‌ട്രീറ്റിൽ എത്തും.

വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിനു സമരഭടന്മാർ കനത്ത മഴ അവഗണിച്ച‌് എത്തിത്തുടങ്ങി. പ്രധാന ക്യാമ്പായ രാംലീല മൈതാനത്ത് 18,000 പേർക്കുള്ള താമസം ഒരുക്കി. തിങ്കളാഴ്ച വൈകിട്ടുവരെ 4000ൽ ഏറെ പ്രവർത്തകർ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അഖിലേന്ത്യാ കിസാൻസഭ, സിഐടിയു, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ ചുമതലയിൽ ക്യാമ്പ് ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽനിന്നുള്ള പ്രത്യേക ട്രെയിനിൽ അയ്യായിരത്തിലേറെ ആളുകൾ ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ എത്തി. കേരളത്തിൽനിന്ന‌് നിരവധി പ്രവർത്തകർ എത്തിത്തുടങ്ങി. കഴിഞ്ഞ മൂന്നു ദിവസമായി ഡൽഹിയിൽ മഴ തുടരുകയാണ്. സമരഭടന്മാർക്കുള്ള കൂടുതൽ ടെന്റുകൾ ഒരുക്കാൻ രാംലീല മൈതാനത്ത് വെള്ളക്കെട്ട് നികത്താനുള്ള ശ്രമം തുടരുകയാണ്. ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷന്റെ സഹായത്തോടെ കൂടുതൽ മണ്ണ് നികത്തി വെള്ളക്കെട്ട‌് ഒഴിവാക്കി. രാഘബ്ഗഞ്ച്, ശീഷ്ഗഞ്ച് (ചാന്ദിനി ചൗക്ക്), ബംഗ്ലാസാഹിബ് എന്നീ ഗുരുദ്വാരകളോടുചേർന്ന് താമസ സൗകര്യവും ഒരുക്കി. ഉത്തർപ്രദേശിൽ ഗാസിയാബാദ് ജില്ലയിൽ സാഹിബാബാദ്, ലജ്പത്‌നഗർ എന്നിവിടങ്ങളിലാണ് മറ്റ് ക്യാമ്പുകൾ. ചൊവ്വാഴ്ച എല്ലാ ടെന്റുകളും പൂർണ സജ്ജമാകും.

ഡൽഹി ആരോഗ്യ സേവന വിഭാഗത്തിനു കീഴിലുള്ള മെഡിക്കൽക്യാമ്പ് രാംലീല മൈതാനത്ത് സജ്ജമാക്കി. എല്ലാ അത്യാവശ്യ മരുന്നുകളും ക്യാമ്പിൽ താമസിക്കുന്നവർക്ക് ലഭ്യമാക്കും.


പ്രധാന വാർത്തകൾ
Top