22 September Saturday

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ‌്റ്റ‌്; മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ച‌് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

മുംബൈ
മാവോയിസ്റ്റ‌് ബന്ധമാരോപിച്ച‌് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ‌് ചെയ‌്തശേഷം വാർത്താസമ്മേളനം നടത്തിയ മഹാരാഷ്ട്ര പൊലീസിന‌് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശം. കേസ‌് കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ വിശദീകരിച്ച‌് എങ്ങനെയാണ‌് പൊലീസ‌് വാർത്താസമ്മേളനം നടത്തിയതെന്ന‌് ജസ്റ്റിസ‌് ഭട‌്കർ ആരാഞ്ഞു.

കേസ‌് സുപ്രീംകോടതിയുടെ പരിഗണനയിലാണ‌്. ഇത്തരമൊരു കേസിൽ എങ്ങനെയാണ‌് പൊലീസിന‌് തെളിവുകൾ വിശദീകരിക്കാനാകുക. വിഷയം സുപ്രീംകോടതി താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ‌്. എന്നിട്ടും പൊലീസ‌് വാർത്താസമ്മേളനം വിളിച്ച‌് തെളിവുകൾ വിശദീകരിച്ചത‌് ഉചിതമായില്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത‌് തെറ്റാണെന്നും ജസ്റ്റിസ‌് ഭട‌്കർ നിരീക്ഷിച്ചു. ഭീമ‐കൊറേഗാവ‌് സംഘർഷത്തെപ്പറ്റി ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന സതീഷ‌് ഗെയ‌്ക‌്‌വാദ‌് എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ‌് കോടതിയുടെ പരാമർശം. ഹർജി ഇൗ  മാസം ഏഴിലേക്ക‌് മാറ്റി.

അറസ്റ്റിലായ കവി വരവരറാവു അടക്കമുള്ള ഇടതുചിന്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മാവോയിസ്റ്റ‌് ബന്ധമുണ്ടെന്ന‌് മഹാരാഷ്ട്ര എഡിജി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മോഡിരാജ‌് അവസാനിപ്പിക്കാൻ അറസ്റ്റിലായവർ ഗൂഢാലോചന നടത്തിയെന്നും പൊലീസ‌് അവകാശപ്പെട്ടിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top