21 September Friday

ഒന്നരലക്ഷം കോടിക്ക‌് യുദ്ധവിമാനം വാങ്ങുന്നു; റഫേൽ ഉൾപ്പെടെ ഏഴ് വിദേശ കമ്പനികൾ രംഗത്ത‌്

സ്വന്തം ലേഖകന്‍Updated: Tuesday Sep 4, 2018

ന്യൂഡൽഹി
ഒന്നരലക്ഷം കോടിരൂപ മുതൽമുടക്കിൽ 114 യുദ്ധവിമാനംകൂടി വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം. റിലയൻസ് അടക്കമുള്ള സ്വകാര്യ കുത്തകകൾക്ക് ഗുണകരമാകുംവിധം 'തന്ത്രപര പങ്കാളിത്ത'മെന്ന പേരിലാണ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്കായി സർക്കാർ വാങ്ങുക. കരാർ നേടിയെടുക്കുന്നതിന് റഫേൽ ഉൾപ്പെടെ ഏഴ് വിദേശ  കമ്പനികൾ രംഗത്തെത്തി. രാജ്യംകണ്ട ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിലൊന്നായി ഇതുമാറും. സ്വകാര്യകമ്പനികളുടെ പങ്കാളിത്തത്തോടെ അറുപതിനായിരം കോടിരൂപ മുടക്കി ആറ് അന്തർവാഹിനികൾ  വാങ്ങുന്നതിന‌് പുറമെയാണ‌് പുതിയ നീക്കം. ടെണ്ടർ നേടുന്ന വിദേശ കമ്പനിയിൽനിന്ന് 18 യുദ്ധവിമാനം വ്യോമ സേന നേരിട്ട് വാങ്ങും. ശേഷിക്കുന്ന വിമാനങ്ങൾ വിദേശ കമ്പനിയും ഇന്ത്യയിലെ ഏതെങ്കിലും സ്വകാര്യ കമ്പനിയുംകൂടി ചേർന്ന് തദ്ദേശീയമായി നിർമിക്കും. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഉൾപ്പെട്ടിട്ടുള്ള റഫേൽ ഇടപാടിന് സമാനമായിരിക്കും പുതിയ യുദ്ധവിമാന കരാറും. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) 123 തേജസ് യുദ്ധവിമാനം നിർമിച്ചുവരുന്നതിനിടെയാണ് വിദേശ, ആഭ്യന്തര സ്വകാര്യ കുത്തകകൾക്ക് ഗുണകരമാകുംവിധം മറ്റൊരു വൻ പ്രതിരോധ ഇടപാടിലേക്ക് സർക്കാർ നീങ്ങുന്നത്.
114 യുദ്ധവിമാനത്തിനായുള്ള പ്രാഥമിക ടെണ്ടർ വ്യോമസേന കഴിഞ്ഞ ഏപ്രിലിൽ ക്ഷണിച്ചിരുന്നു. എഫ്എ18, എഫ്16 (യുഎസ്), മിഗ്35, സുഖോയ്35 (റഷ്യ), ഗ്രിപൻഇ (സ്വീഡൻ), യൂറോഫൈറ്റർ ടൈഫൂർ, റഫേൽ എന്നിവയാണ് നിലവിൽ മത്സരരംഗത്തുള്ളത്. 114 യുദ്ധവിമാനത്തിന്റെ 'ആവശ്യകതാ അംഗീകാരം' പരിഗണിക്കുന്നതിനായി പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിലുള്ള പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ ഉടൻ യോഗംചേരും.
 റഷ്യയിൽ നിന്ന് 272 സുഖോയ് വിമാനം വാങ്ങുന്നതിന് 56000 കോടിരൂപയുടെ കരാറിൽ ഇന്ത്യ ഒപ്പിട്ടിരുന്നു. ഇതിൽ ശേഷിക്കുന്ന 36 വിമാനം 2019 ഓടെ വ്യോമസേനയ്ക്ക് സ്വന്തമാകും. 2022 ഓടെ 36 റഫേൽ വിമാനവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
76000 കോടി മുതൽമുടക്കിൽ 123 തേജസ് വിമാനമാണ് ഇന്ത്യയിൽ നിർമിക്കുന്നത്. ഇതിൽ ആദ്യ നാൽപ്പത് എണ്ണം 2022 ഓടെ തയ്യാറാകും. 114 യുദ്ധവിമാനത്തിന്റെ ആവശ്യകതാ അംഗീകാരം ലഭ്യമായാൽ മത്സരരംഗത്തുള്ള ഏഴ് കമ്പനിയും മൂന്നു മാസങ്ങൾക്കുള്ളിൽ താൽപ്പര്യപത്രത്തോട് പ്രതികരിക്കേണ്ടതുണ്ട്. തുടർന്നാണ് അന്തിമ കരാർ നടപടികളിലേക്ക് ഗൗരവമായി കടക്കുക. വിദേശ കമ്പനി ഏതെന്ന് തീരുമാനിക്കുകയാണ് ആദ്യ പ്രക്രിയ. പിന്നീട് ഈ കമ്പനി തങ്ങളുടെ ഇന്ത്യൻ പങ്കാളിയെ തെരഞ്ഞെടുക്കണം. റഫേൽ വിമാനങ്ങൾ നിർമിക്കുന്ന ദസോൾട്ട് കമ്പനി റിലയൻസിനെയാണ് തങ്ങളുടെ പങ്കാളിയായി തെരഞ്ഞെടുത്തത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ തഴഞ്ഞാണ് പ്രതിരോധനിർമാണ രംഗത്ത് അനുഭവപരിചയമില്ലാത്ത അനിൽ അംബാനിയുടെ റിലയൻസിനെ തെരഞ്ഞെടുത്തത്. റിലയൻസ് അടക്കമുള്ള കമ്പനികൾ പുതിയ കരാർ നേടിയെടുക്കുന്നതിനും സജീവമായി രംഗത്തുണ്ടാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top