പിണറായിയുടെ തല കൊയ്യാന്‍ ഒരു കോടി; കുന്ദന്‍ ചന്ദ്രാവത്തിനെ ചുമതലയില്‍നിന്ന് നീക്കി

ന്യൂഡല്‍ഹി > മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിപ്രസംഗം നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ ഉജ്ജയിന്‍ സഹ പ്രചാര്‍പ്രമുഖ് സ്ഥാനത്തുനിന്ന് ആര്‍എസ്എസ് നീക്കി. മധ്യപ്രദേശ് പ്രാന്ത് സംഘചാലക് പ്രകാശ് ശാസ്ത്രിയും പ്രാന്ത് പ്രചാര്‍പ്രമുഖ് പ്രവീണ്‍ കാബ്രയുമാണ് ഇക്കാര്യം അറിയിച്ചത്. പിണറായിക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് ചന്ദ്രാവത് ഖേദപ്രകടനം നടത്തിയതായും നേതാക്കള്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. ചന്ദ്രാവത്തിനെ സംസ്ഥാന ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് ന്യായീകരിച്ചിരുന്നു.
കൊലവിളിപ്രസംഗം ദേശീയതലത്തില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയത് സംഘപരിവാറിന് ക്ഷീണമായി. ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപി നടത്തിയ അക്രമസംഭവങ്ങള്‍ക്കുപിന്നാലെ ഈ പ്രസംഗംകൂടിയായതോടെ സംഘപരിവാര്‍ പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് ചന്ദ്രാവത്തിനെതിരായി നടപടിയെടുക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായത്.
ആര്‍എസ്എസ് അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിക്കുന്ന സിപിഐ എം വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ബുധനാഴ്ച മധ്യപ്രദേശിലെ ഉജ്ജയിനില്‍ സംഘടിപ്പിച്ച യോഗത്തിലാണ് കുന്ദന്‍ ചന്ദ്രാവത് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. പരാമര്‍ശം വിവാദമായെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന പ്രസ്താവനയാണ് ചന്ദ്രാവത് തുടക്കത്തില്‍ നടത്തിയത്. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശം രൂക്ഷമായതോടെ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായി ചന്ദ്രാവത് വ്യാഴാഴ്ച രാത്രി പ്രസ്താവന നടത്തി.










0 comments