ad
Deshabhimani

ജിഡിപി നിരക്ക് : സര്‍ക്കാര്‍വാദം തട്ടിപ്പെന്ന് വിദഗ്ധര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 02, 2017, 07:50 PM | 0 min read


ന്യൂഡല്‍ഹി > നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടിയെന്ന സര്‍ക്കാര്‍  വാദം തട്ടിപ്പെന്ന് വിദഗ്ധര്‍. നോട്ട് അസാധുവാക്കലിന്റെ കെടുതി മറച്ചുവയ്ക്കാന്‍ പടച്ചുണ്ടാക്കിയ കണക്കാണ് പുറത്തുവിട്ടതെന്ന് രാജ്യാന്തര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. പല വസ്തുതകളും ഒഴിവാക്കിയും ചില വിവരങ്ങള്‍ വളച്ചൊടിച്ചുമാണ് വളര്‍ച്ചനിരക്ക് കണക്കാക്കിയതെന്ന് വിമര്‍ശം ഉയര്‍ന്നു.

ഇന്ത്യയുടെ വളര്‍ച്ചനിരക്ക് കെട്ടുകഥയാണെന്ന് പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ നോമുര അഭിപ്രായപ്പെട്ടു. യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കാതെയാണ് വളര്‍ച്ച കണക്കാക്കിയത്. അസംഘടിതമേഖലയെ ഒഴിച്ചുനിര്‍ത്തി- നോമുര ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കല്‍ കൂടുതല്‍ കെടുതിയുണ്ടാക്കിയത് അസംഘടിത മേഖലയിലാണ്. അടിസ്ഥാനവര്‍ഷത്തിലെ നിരക്കുകള്‍ കുറച്ചുകാണിച്ചാണ് മൂന്നാംപാദത്തിലെ വളര്‍ച്ച നിര്‍ണയിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.

നവംബര്‍ എട്ടിനാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയത്. അതിനാല്‍ ഒക്ടോബര്‍-ഡിസംബര്‍ ഉള്‍ക്കൊള്ളുന്ന മൂന്നാംപാദത്തിലെ വളര്‍ച്ചനിരക്ക് സര്‍ക്കാരിന് നിര്‍ണായകമായിരുന്നു. നോട്ടുനിരോധനം വളര്‍ച്ചയെ ബാധിച്ചില്ലെന്ന് പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് കണക്കുകളില്‍ തിരിമറി നടത്തിയെന്ന് സംശയിക്കണമെന്ന് പ്രതിപക്ഷ നേതാക്കളും പറയുന്നു. മോഡിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം സാമ്പത്തികവളര്‍ച്ച കണക്കാക്കുന്ന രീതിയില്‍ മാറ്റംവരുത്തിയിരുന്നു. അടിസ്ഥാനവര്‍ഷം മാറ്റിയും അടിസ്ഥാനസ്ഥിതിവിവരങ്ങള്‍ താഴ്ത്തികാണിച്ചുമാണ് വളര്‍ച്ചനിരക്ക് കണക്കാക്കുന്നത്. ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചെന്ന് അവകാശപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. ഓഹരി വിപണിയെ താങ്ങിനിര്‍ത്താനും രാഷ്ട്രീയമായ അവകാശവാദങ്ങള്‍ക്കുമായി മോഡിസര്‍ക്കാര്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home