21 November Wednesday
സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ആൾക്കൂട്ടക്കൊല: ഒരാഴ്ചയ്ക്കുള്ളിൽ നടപടി റിപ്പോര്‍ട്ട് നല്‍കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

ന്യൂഡൽഹി
ആൾക്കൂട്ടക്കൊലയും ആക്രമണങ്ങളും തടയുന്നതിന് സ്വീകരിച്ച നടപടി വിശദീകരിച്ചുള്ള റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു.

ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന സംസ്ഥാനങ്ങളുടെ ആഭ്യന്തര സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റിസ് ദീപക‌് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാൻവിൽക്കർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

രാജസ്ഥാനിലെ അൽവാറിൽ ക്ഷീരകർഷകൻ റക‌്ബർ ഖാൻ ജൂലൈ 20ന് കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

അൽവാർ ആൾക്കൂട്ടക്കൊലകേസിന്റെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ രാജസ്ഥാൻ സർക്കാരിനോട‌് കോടതി ആവശ്യപ്പെട്ടു.
ആൾക്കൂട്ടക്കൊല തടയാൻ പാർലമെന്റ് നിയമനിർമാണം നടത്തണമെന്നും സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കണമെന്നും ജൂലൈ 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.

11 സംസ്ഥാനംമാത്രമാണ് റിപ്പോർട്ട് നൽകിയത‌്. മറ്റ് സംസ്ഥാനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ‌് കോടതി നിർദേശം.
കോടതി ഉത്തരവ് വന്ന് ദിവസങ്ങൾക്കകം ആൾക്കൂട്ടക്കൊല നടന്ന രാജസ്ഥാനിലെ  ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും കേസിൽ ഇതുവരെയായി കുറ്റപത്രം ഫയൽ ചെയ്തിട്ടില്ലെന്നും ഹർജിക്കാരനായ തെഹ്സീൻ പൂനാവാലയ്ക്കുവേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി.

മൃഗങ്ങളെ സംരക്ഷിക്കുന്നതിന് പൗരസമൂഹ ഗ്രൂപ്പുകൾക്ക് അധികാരം നൽകിയുള്ള മൃഗസംരക്ഷണ നിയമത്തിലെ മൂന്നാംവകുപ്പിന്റെ മറവിലാണ് ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടം.

വാഹനങ്ങൾ തടയുക, സ്ഥലങ്ങൾ പരിശോധിക്കുക, മൃഗങ്ങളെ പിടിച്ചെടുക്കുക തുടങ്ങി പൊലീസിന്റെ അധികാരങ്ങളാണ് ഇത്തരം സംഘങ്ങൾ നടപ്പാക്കുന്നതെന്നും ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. ഈ ചട്ടം ഇതേവരെയായി ചോദ്യംചെയ്യപ്പെട്ടിട്ടില്ലേയെന്ന് കോടതി ആരാഞ്ഞു.

ചോദ്യംചെയ്ത് ഹർജി സമർപ്പിച്ചാൽ ഇത്തരം സംഘങ്ങളുടെ പേരുവിവരങ്ങൾ കോടതിമുമ്പാകെ എത്തുമെന്നും ഇവരെ തിരിച്ചറിയാൻ എളുപ്പമാകുമെന്നും ഇന്ദിര ജയ്സിങ് അറിയിച്ചപ്പോൾ ഹർജി സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

  ജൂലൈ 17 ഉത്തരവ് പ്രകാരമുള്ള നടപടിറിപ്പോർട്ട് കേന്ദ്രം സമർപ്പിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു.കോടതി നിർദേശിച്ചതുപ്രകാരം നിയമനിർമാണത്തെക്കുറിച്ച് ആലോചിക്കുന്നതിനായി ഒരു മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും എജി പറഞ്ഞു.


പ്രധാന വാർത്തകൾ
Top