25 September Tuesday

ശമ്പളവർധനയ‌്ക്ക‌ായി പ്രക്ഷോഭം; ഛത്തീസ‌്ഗഡിൽ 607 നേഴ‌്സുമാരെ ജയിലിലടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

റായ‌്പുർ > ശമ്പള വർധന ആവശ്യപ്പെട്ട‌് രണ്ടാഴ‌്ചയായി സമരം നടത്തുന്ന സർക്കാർ നേഴ‌്സുമാരെ ഛത്തീസ‌്ഗഡ‌ിലെ ബിജെപി സർക്കാർ ജയിലിലടച്ചു. ശമ്പള പരിഷ‌്കരണം നടപ്പാക്കുക, ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് മെയ‌് 18 മുതൽ  പ്രക്ഷോഭം തുടങ്ങിയത‌്.

 പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ എസ‌്മ പ്രഖ്യാപിച്ചിരുന്നു.  എന്നാൽ, സർക്കാർ ഭീഷണി കൂസാതെ ആയിരക്കണക്കിന‌ു നേഴ‌്സുമാർ സമരത്തിൽ ഉറച്ചുനിന്നതോടെയാണ‌് 607 നേഴ‌്സുമാരെ ഒറ്റയടിക്ക‌് അറസ്റ്റ‌് ചെയ‌്ത‌് ജയിലിലടച്ചത‌്.

പൊലീസിനെ ഉപയോഗിച്ച‌് സമരം അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ‌് എസ‌്മ പ്രയോഗിച്ചത‌്. ജൂൺ ഒന്നിനകം പണിമുടക്ക‌് അവസാനിപ്പിക്കണമെന്ന‌് സർക്കാർ അന്ത്യശാസന നൽകിയെങ്കിലും നേഴ‌്സുമാർ ഇത‌് തള്ളി പ്രക്ഷോഭരംഗത്ത‌് ഉറച്ചുനിന്നു. എസ‌്മ പ്രകാരം അറസ്റ്റ‌് ചെയ‌്ത 607 നേഴ‌്സുമാരെയും റായ‌്പുർ സെൻട്രൽ ജയിലിൽ അടച്ചു. ഗർഭിണികൾ അടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട‌്.

ന്യായമായ ആവശ്യമുന്നയിച്ച‌ുള്ള സമരം അടിച്ചമർത്താനാണ‌് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന‌് നേഴ‌്സിങ‌് സംഘടനയായ ഛത്തീസ‌്ഗഡ‌് പരിചാരിക കർമചാരി കല്യാൺസംഗ‌് (സിപികെകഎസ‌്) ആരോപിച്ചു. മൂന്നുവർഷമായി നേഴ‌്സുമാരുടെ ശമ്പള പരിഷ‌്കരണം നടപ്പാക്കിയിട്ടില്ല. വാഗ‌്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതിൽ പ്രതിഷേധിച്ചാണ‌് പ്രക്ഷോഭത്തിനിറങ്ങിയത‌്. നിഷേധനിലപാട‌് തിരുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സിപികെകെഎസ‌് നേതാവ‌് ടിക്കേശ്വരി സാഹു പറഞ്ഞു.

പ്രധാന വാർത്തകൾ
Top