20 November Tuesday

4 വർഷത്തിനിടെ മോഡി ചുറ്റിയത് 52 രാജ്യം; പൊടിച്ചത‌് 355 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


ന്യൂഡൽഹി
പ്രധാനമന്ത്രിയായി നാല് വർഷത്തിനിടെ നരേന്ദ്ര മോഡി സന്ദർശിച്ചത് 52 രാജ്യം. ഇതിനായി പൊതുഖജനാവിൽനിന്ന‌് ചെലവഴിച്ചത് 355 കോടി രൂപ. 48 മാസത്തിനിടെ 41 യാത്രയാണ് മോഡി നടത്തിയത്. 165 ദിവസം പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലായിരുന്നു. ബംഗളൂരുവിലെ വിവരാവകാശ പ്രവർത്തകനായ ഭീമപ്പ ഗദാദിന് ലഭിച്ച മറുപടിയിലാണ് പ്രധാനമന്ത്രിയുടെ യാത്രകൾ സംബന്ധിച്ച  വിശദാംശങ്ങൾ പുറത്തുവന്നത്.

ഫ്രാൻസ്, ജർമനി, ക്യാനഡ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ നടത്തിയ ത്രിരാഷ്‌‌‌ട്ര യാത്രയാണ് ഏറ്റവും ചെലവേറിയത്. ഒമ്പത് ദിവസത്തെ ടൂറിനായി മോഡി ചെലവഴിച്ചത്. 31.25 കോടി രൂപ. പ്രധാനമന്ത്രിയായ ശേഷം ആദ്യം നടത്തിയ ഭൂട്ടാൻ സന്ദർശനത്തിന‌് 2.45 കോടി രൂപയായിരുന്നു ചെലവ്. യാത്രകളിൽ ഏറ്റവും ചെലവ് കുറഞ്ഞത് ഇതാണ‌്. വിദേശയാത്രകളുടെമാത്രം ചെലവാണ് പുറത്തുവന്നിട്ടുള്ളത്. മോഡിയുടെ ഇന്ത്യയ്‌‌‌ക്കകത്തെ യാത്രകൾക്കും അതിനുള്ള സുരക്ഷാ സംവിധാനങ്ങൾക്കുമായി ചെലവാക്കിയ തുകയുടെ വിശദാംശം ആവശ്യപ്പെട്ടിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയില്ലെന്ന് ഭീമപ്പ പറഞ്ഞു.

ഇത്തരം യാത്രകളിലൂടെ രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിച്ചതെന്ന വിവരംകൂടി പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top